|

നിലമ്പൂര്‍ മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിക്കും; പി.വി അന്‍വറിന്റെ പിന്തുണ ഗുണം ചെയ്യും: ആര്യാടന്‍ ഷൗക്കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: നിലമ്പൂര്‍ മണ്ഡലം യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. സ്ഥാനാര്‍ത്ഥി ആരായാലും കൈപത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കുമെന്നും പി.വി അന്‍വറിന്റെ പിന്തുണ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരില്‍ ഐക്യജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് രംഗം സജീവമാണെന്നും വോട്ടര്‍ പട്ടികയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സജ്ജമാണെന്നും എല്ലാവരും സജീവമാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

പൊളിറ്റിക്കലായി നല്ല രീതിയിലുള്ള കാലാവസ്ഥ യു.ഡി.എഫിന് നിലമ്പൂരിലുണ്ടെന്നും കഴിഞ്ഞ ഒമ്പത് വര്‍ഷമായി യു.ഡി.എഫിന് ഇല്ലാതിരുന്ന സീറ്റ് തിരിച്ചുപിടിക്കാനുള്ള ആവേശത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളെ സംബന്ധിച്ചിടത്തോളം സ്ഥാനാര്‍ത്ഥി നിര്‍ണയം ഒരു വെല്ലുവിളിയല്ലെന്നും ആര് മത്സരിച്ചാലും ജയിപ്പിക്കാനായി യു.ഡി.എഫ് സന്നദ്ധരാണെന്നും കൈപത്തിയായിരിക്കും ചിഹ്നമെന്നും ആ സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

സ്വാഭാവികമായും പി.വി അന്‍വര്‍ നിലമ്പൂരിലെ എം.എല്‍.എ ആയിരുന്നുവെന്നും അതിനാല്‍ അദ്ദേഹം ഒരു ഫാക്ടര്‍ അല്ലെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

തൃണമൂല്‍കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു പി.വി അന്‍വര്‍ നിലമ്പൂര്‍ എം.എല്‍.എ സ്ഥാനത്ത് നിന്നും രാജിവെച്ചത്. വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതിന് ശേഷമായിരുന്നു പി.വി അന്‍വറിന്റെ രാജി.

എ.ഡി.ജി.പി അജിത് കുമാര്‍, എസ്.പി സുജിത് ദാസ് എന്നീ ഉന്നത ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണല്‍ സെക്രട്ടറി പി. ശശി തുടങ്ങിയവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി. അന്‍വര്‍ ഉന്നയിച്ചിരുന്നത്.

അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് മേല്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ഉണ്ടായി. പിന്നാലെ പി.വി. അന്‍വറിന് നല്‍കിയിരുന്ന പിന്തുണ ഇടതുപക്ഷം പിന്‍വലിക്കുകയും ചെയ്തിരുന്നു.

Content Highlight: UDF will regain Nilambur constituency; PV Anwar’s support will be beneficial: Aryadan Shoukat