തിരുവനന്തപുരം: ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായി നടക്കുന്ന സമരം യു.ഡി.എഫ് ഏറ്റെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം നടക്കുന്ന മുക്കം സന്ദര്‍ശിച്ച ശേഷം സംസാരിക്കവേയാണ് രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
യു.ഡി.എഫ് പദ്ധതിക്കെതിരല്ലെന്നും അത് നടപ്പാക്കുന്ന രീതികളോടാണ് എതിര്‍പ്പെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമരം ഏറ്റെടുക്കാന്‍ യു.ഡി.എഫിനെ നിര്‍ബന്ധിതരാക്കരുതെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.
അതേ സമയം പൈപ്പ് ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. ജനപ്രതിനിധികളെ ഇതു സംബന്ധിച്ച് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
നേരത്തെ പൈപ്പ് ലൈന്‍ കടന്നു പോകുന്നത് ജനവാസ കേന്ദ്രങ്ങളിലൂടെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
പദ്ധതിക്കായി അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സിന്റെ (എ.എസ്.എം.ഇ) സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നാണ് ഗെയിലിന്റെ അവകാശവാദം. എന്നാല്‍ എ.എസ്.എം.ഇയുടെ ജനസാന്ദ്രതയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ജനവാസ കേന്ദ്രങ്ങളില്‍ നിന്നും 15മീറ്റര്‍ മാറി പൈപ്പ് ഇടണമെന്ന നിര്‍ദേശവും പദ്ധതി കടന്നുപോകുന്ന ഏഴു ജില്ലകളിലും അട്ടിമറിച്ചിട്ടുണ്ട്.
ഇതിനു പുറമേ ലൈനില്‍ ചോര്‍ച്ചയുണ്ടായാല്‍ വാതകം സുരക്ഷിതമായി ഒഴിവാക്കുന്നതിന് അനുയോജ്യമായ രീതിയില്‍ വാല്‍വുകള്‍ സ്ഥാപിക്കണമെന്ന മാനദണ്ഡവും ഗെയില്‍ പാലിച്ചിട്ടില്ല. 67 വാല്‍വുകള്‍ വേണ്ടിടത്ത് 25 എണ്ണമാണ് നിലവിലുള്ളത്.