മലപ്പുറം: രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ വിജയിക്കുകയും വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകയും ചെയ്താല്‍ യു.ഡി.എഫ് കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി ജയിക്കുന്നതിന്റെ ആഘോഷമായിരിക്കും വയനാട്ടിലെ ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുമെന്ന് പറയുന്നവര്‍ രാഹുല്‍ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും ജയിക്കുമെന്ന് ഉറപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ വോട്ടര്‍മാര്‍ വിജയിപ്പിച്ചോളുമെന്നും അദ്ദേഹം പറഞ്ഞു.
‘ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുമെന്ന് പറയുന്നവര്‍ രാഹുല്‍ ഗാന്ധി റായ്ബറേലിയിലും ജയിക്കുമെന്നാണ് പറയുന്നത്. ഉറപ്പായും ജയിക്കുമെന്ന് അവര്‍ക്ക് വിശ്വാസം വന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വയനാട്ടില്‍ വോട്ടര്‍മാര്‍ ജയിപ്പിക്കും. നാലും അഞ്ചും ലക്ഷം ഭൂരിപക്ഷം ലഭിക്കുന്ന ഒരു മണ്ഡലത്തില്‍ പിന്നെന്ത് സംഭവിക്കാനാണ്. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ ജയിച്ചതിന്റെ സന്തോഷത്തില്‍ കുറച്ചുകൂടി ഭൂരിപക്ഷം വര്‍ദ്ധിക്കും. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി ജയിച്ചതിന്റെ ആഘോഷമാക്കി മാറ്റും വോട്ടര്‍മാര്‍ വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിനെ,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
2014ല്‍ 20000 വോട്ടിനാണ് എം.ഐ. ഷാനവാസ് വയനാട്ടില്‍ നിന്നും ജയിച്ചത് എന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഓര്‍മിപ്പിച്ചപ്പോള്‍ 2014ലെ അവസ്ഥയല്ല 2024ല്‍ എന്ന് കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞു. സാഹചര്യങ്ങള്‍ വളരെയേറെ മാറിയെന്നും കേരളത്തിലെ ജനങ്ങള്‍ വളരെയേറെ ബോധവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദം തകരുന്നത് തടയാന്‍ കഴിയുന്നതൊക്കെയും കേരളത്തിലെ ജനങ്ങള്‍ ചെയ്യുമെന്നും, അതിനായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്താന്‍ ഒരാളെ അയക്കാനുള്ള അവസരം അവര്‍ ഉപയോഗപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏറെനാളായി തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധിയുടെ രണ്ടാം സീറ്റില്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തത്. പരമ്പരാഗതമായി നെഹ്‌റു കുടുംബത്തില്‍ നിന്നുള്ളവര്‍ മത്സരിക്കുന്ന ഉത്തര്‍പ്രദേശില റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്.
നേരത്തെ രാഹുല്‍ ഗാന്ധി മത്സരിച്ചിരുന്ന അമേഠിയില്‍ കെ.എല്‍ ശര്‍മയും, നേരത്തെ സോണിയ ഗാന്ധി മത്സരിച്ചിരുന്ന റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയും മത്സരിക്കും. ഇത് സംബന്ധിച്ച വാര്‍ത്തകുറിപ്പ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തിറക്കി. പ്രഖ്യാപനം വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധി റായ്ബറേലിയിലെത്തിയിട്ടുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.
അതേ സമയം റായ്ബറേലിയെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന സി.പി.ഐ നേതാവ് ആനി രാജയും രംഗത്തെത്തി. രാഹുല്‍ ഗാന്ധി രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുന്നു എങ്കില്‍ അത് നേരത്തെ തന്നെ ജനങ്ങളോട് പറയേണ്ടിയിരുന്നു എന്ന് ആനി രാജ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ കുറിച്ച് വോട്ടര്‍മാര്‍ അറിയുക എന്നതാണ് ജനാധിപത്യത്തിലെ മര്യാദ. എന്നാല്‍ വയനാട്ടിലെ ജനങ്ങളോട് എന്തിനാണ് ഇക്കാര്യം മറച്ചുവെച്ചത് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കണമെന്നും ആനി രാജ പറഞ്ഞു.
CONTENT HIGLIGHTS: UDF will get more majority in Wayanad by-elections on the joy of Rahul Gandhi’s victory in Rae Bareli: Kunhalikutty