മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ യാഥാര്‍ത്ഥ്യമായി. മലപ്പുറത്ത് യു.ഡി.എഫ് പിന്തുണയോടെ വെല്‍ഫെയര്‍ പാര്‍ട്ടി സ്വന്തം ചിഹ്നത്തില്‍ തന്നെ മത്സരിക്കും.
സീറ്റ് വിഭജനം പലയിടങ്ങളിലും പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ യാഥാര്‍ത്ഥ്യമായതോടെ ലീഗ് പലയിടങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സീറ്റ് വിട്ടുനല്‍കിയിട്ടുണ്ട്.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ഒരു ബന്ധത്തിനും കോണ്‍ഗ്രസില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജമാഅത്ത് ഇസ്‌ലാമിയും ആര്‍.എസ്.എസും വര്‍ഗീയതയുടെ ഇരുവശങ്ങളാണ്. വര്‍ഗീയ കക്ഷികളോട് ഒരു ബന്ധവും പാടില്ലെന്ന് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. ഇതിന് തൊട്ടു പിന്നാലെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യു.ഡി.എഫ് സഖ്യം യാഥാര്‍ത്ഥ്യമാകുന്നത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രദേശികതലത്തില്‍ സഖ്യമുണ്ടാക്കാനുള്ള യു.ഡി.എഫ് തീരുമാനത്തില്‍ ചില മുസ്‌ലിം സംഘടനകള്‍ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വിഷയത്തില്‍ ക്രിസ്ത്യന്‍ സംഘടനകളും എതിര്‍പ്പറിയിച്ചിരുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ ലീഗിനെതിരെ എതിര്‍പ്പുമായി സമസ്ത ഇ.കെ വിഭാഗത്തിലെ ഒരു വിഭാഗവും എ.പി വിഭാഗവും മുജാഹിദ് വിഭാഗവും നേരത്തെ രംഗത്തെത്തിയിരുന്നു.
കാലങ്ങളായി ലീഗിനൊപ്പം നില്‍ക്കുന്ന ഇ.കെ വിഭാഗത്തിന്റെയും മുജാഹിദ് വിഭാഗത്തിന്റെയും എതിര്‍പ്പ് യു.ഡി.എഫിന് തിരിച്ചടിയാകുമോ എന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മുസ്‌ലിം ലീഗോ യു.ഡി.എഫോ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതില്‍ സമസ്തയ്ക്ക് എതിര്‍പ്പില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇ.കെ വിഭാഗം സംസ്ഥാന പ്രസിഡന്റ് ജിഫിരി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
മലപ്പുറത്തിന് പുറമെ മുക്കം നഗരസഭയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഉറച്ച സ്വാധീനമുള്ള ചേന്ദമംഗലൂരിലെ 18,19,20,23 വാര്‍ഡുകള്‍ യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: UDF-Welfare party alliance in Malappuram