| Tuesday, 4th June 2024, 2:19 pm

കേരളത്തില്‍ യു.ഡി.എഫ് തരംഗം; 20ല്‍ 18 സീറ്റും നേടി വിധിയെഴുത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ യു.ഡി.എഫ് തരംഗം. സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളില്‍ 18 സീറ്റും നേടി യു.ഡി.എഫ് വെന്നിക്കൊടിപ്പാറിച്ചു. എല്ലാ ആയുധങ്ങളും നഷ്ടപ്പെട്ടവരുടെ പോരാട്ട വിജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് യു.ഡി.എഫ് നേതാക്കള്‍ പ്രതികരിച്ചു.

പത്ത് മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്. വയനാട്, മലപ്പുറം മണ്ഡലങ്ങളിൽ മൂന്ന് ലക്ഷത്തിലും എറണാകുളം, പൊന്നാനി മണ്ഡലങ്ങളിൽ രണ്ട് ലക്ഷത്തിലുമധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിന്റെ വിജയം.

വയനാട് മണ്ഡലത്തില്‍ സിറ്റിങ് എം.പി കൂടിയായ രാഹുല്‍ ഗാന്ധി 364422 വോട്ടുകളുടെ ഭൂരിപക്ഷം നേടി സീറ്റ് നിലനിർത്തി.  ഇടതു സ്ഥാനാര്‍ത്ഥിയായ ആനി രാജ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിച്ച മണ്ഡലം കൂടിയായിരുന്നു വയനാട്. അതേസമയം റായ്‌ബറേലി മണ്ഡലത്തിൽ 390030 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാഹുല്‍ ഗാന്ധി വിജയിക്കുകയും ചെയ്തു.

കോഴിക്കോട് മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ എം.കെ. രാഘവന്‍ തന്റെ ലീഡ് നിലനിർത്തിയിരുന്നു. 146176 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിറ്റിങ് എം.പി കൂടിയായ എം.കെ. രാഘവന്‍ സീറ്റ് നിലനിർത്തി. ഇടതു സ്ഥാനാര്‍ത്ഥിയായ എളമരം കരീം രണ്ടാം സ്ഥാനത്തേക്കും എൻ.ഡി.എയുടെ എം.ടി. രമേശ് മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. തങ്ങളുടെ രാഷ്ട്രീയ സംയമനമാണ് ഈ വിജയത്തിന് പിന്നിലെന്ന് എം.കെ. രാഘവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യു.ഡി.എഫ് മുന്നണിയിലെ എല്ലാ കക്ഷികള്‍ക്കും പ്രത്യേകിച്ച് മുസ്‌ലിം ലീഗിന് അദ്ദേഹം നന്ദിയറിക്കുകയും ചെയ്തു.

വ്യാപകമായ വിവാദങ്ങള്‍ക്കിടയിലും ഇടതു സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.എല്‍.എയുമായ കെ.കെ. ശൈലജയെ പിന്നിലാക്കി വടകരയിൽ 114506 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഷാഫി പറമ്പിൽ വിജയിച്ചു. കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ ശക്തമായ മത്സരവും വിവാദങ്ങളുമുണ്ടായ മണ്ഡലമാണ് വടകര.

മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫ് സ്ഥാനാത്ഥികളും മുസ്‌ലിം ലീഗ് നേതാക്കളുമായ ഇ.ടി മുഹമ്മദ് ബഷീറും ഡോ. എം.പി. അബ്ദുസ്സമദ്‌ സമദാനിയും വിജയിച്ചു. 300118 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഇ.ടി. മുഹമ്മദ് ബഷീറും 235760 വോട്ടിന്റെ ഭൂരിപക്ഷത്തോടെ സമദാനിയും സീറ്റുകൾ പിടിച്ചെടുത്തു.

മലപ്പുറത്ത് ഇടതു സ്ഥാനാര്‍ത്ഥിയും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമായ വി. വസീഫ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പൊന്നാനിയിലെ ഇടതു മുന്നണിയുടെ പരീക്ഷണം പരാജയപ്പെട്ടു. മുസ്‌ലിം ലീഗില്‍ നിന്ന് സി.പി.ഐ.എമ്മിലേക്ക് എത്തിയ കെ.എസ്. ഹംസയായിരുന്നു പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 16077 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിറ്റിങ് എം.പി കൂടിയായ ശശി തരൂർ വിജയിച്ചു. എന്‍.ഡി.എ സഖ്യം പിടിച്ചെടുക്കുമെന്ന് അവകാശവാദമുന്നയിച്ച മണ്ഡലങ്ങളില്‍ ഒന്നായിരുന്നു തിരുവനന്തപുരം.

അതേസമയം പത്തനംതിട്ട മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 66119 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിറ്റിങ് എം.പി കൂടിയായ ആന്റോ ആന്റണി വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി എന്‍.ഡി.എ ടിക്കറ്റില്‍ മത്സരിച്ച മണ്ഡലം കൂടിയാണ് പത്തനംതിട്ട.

പാലക്കാട് മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥി എ. വിജയരാഘവനെതിരെ സിറ്റിങ് എം.പിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ വി.കെ. ശ്രീകണ്ഠന്‍ 75283 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അതേസമയം മാവേലിക്കര മണ്ഡലത്തില്‍ യു.ഡി.എഫിന്റെ കൊടിക്കുന്നില്‍ സുരേഷ് 10868 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇടതു സ്ഥാനാര്‍ത്ഥിയായ ഡോ. അരുൺ കുമാർ സി.എ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കൊല്ലം, കോട്ടയം മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നണി തങ്ങളുടെ ശക്തി പ്രകടമാക്കി. കൊല്ലം മണ്ഡലത്തില്‍ ആര്‍.എം.പി നേതാവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍ 150302 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തി. സിറ്റിങ് എം.പി കൂടിയായ അദ്ദേഹം ഇടതു സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.എല്‍.എ കൂടിയായ എം. മുകേഷിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി.

കോട്ടയത്ത് ഇടതു സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ. ഫ്രാന്‍സിസ് ജോര്‍ജ് 87266 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇടതു സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ തോമസ് ചാഴിക്കാടന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആലപ്പുഴ, ആറ്റിങ്ങല്‍, ചാലക്കുടി, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിച്ചു. ആലപ്പുഴയില്‍ 63513 വോട്ടിന്റെ ഭൂരിപക്ഷത്തോടെ രാജ്യസഭാഗം കൂടിയായ കെ.സി. വേണുഗോപാലും ചാലക്കുടിയില്‍ 63754 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബെന്നി ബെഹനാനും എറണാകുളത്ത്250385 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഹൈബി ഈഡനും ഇടുക്കിയില്‍ 133727 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഡീന്‍ കുര്യാക്കോസും വിജയിച്ചു.

കാസര്‍ഗോഡ് മണ്ഡലത്തില്‍ സിറ്റിങ് എം.പി കൂടിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ 100649 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തി. ഇടതു സ്ഥാനാര്‍ത്ഥിയായ എം.വി. ബാലകൃഷ്ണ മാസ്റ്റർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കണ്ണൂര്‍ മണ്ഡലത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് കൂടിയായ കെ. സുധാകരന്‍10898 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അതേസമയം ആറ്റിങ്ങലിൽ 685 വോട്ടുമായി യു.ഡി.എഫ് സ്ഥാനാർത്ഥിയായ അടൂർ പ്രകാശ് ലീഡ് ചെയ്യുകയാണ്. വടകരയിലെയും കണ്ണൂരിലെയും യു.ഡി.എഫിനുണ്ടായ വിജയം ഇടതു മുന്നണി നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ്.

Content Highlight: UDF Wave in Kerala Lok Sabha Elections

Latest Stories

We use cookies to give you the best possible experience. Learn more