വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി ഇത്തവണ ഭീഷണി ഉയര്‍ത്തില്ലെന്ന് പറഞ്ഞത് യു.ഡി.എഫ് മണ്ഡലം കമ്മറ്റി ചെയര്‍മാന്‍ ഡി. സുദര്‍ശനനാണ്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വട്ടിയൂര്‍ക്കാവില്‍ 197570 വോട്ടുകളുണ്ട്. ഇതില്‍ 69 ശതമാനം വോട്ടെങ്കിലും പോള്‍ ചെയ്യുമെന്നാണ് കഴിഞ്ഞ കാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 53545 വോട്ടാണ് യു.ഡി.എഫിന് ലഭിച്ചത്. ഇതില്‍ കുറച്ച് വോട്ടുകള്‍ ഇത്തവണ കൂടും. ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഇത്തവണ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെന്നാണ് ഞങ്ങള്‍ വിലയിരുത്തുന്നത്. 50709 വോട്ട് നേടിയ ബി.ജെ.പിക്ക് ഇത്തവണ വോട്ട് കുറയുമെന്നാണ് കരുതുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 29414 വോട്ടാണ് എല്‍.ഡി.എഫിന് ലഭിച്ചത്. ഇതില്‍ നിന്ന് എത്ര വര്‍ധിച്ചാലും യു.ഡി.എഫിന് ഭീഷണിയാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വട്ടിയൂര്‍ക്കാവ് നായര്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലമാണ്. നായര്‍ വോട്ടുകള്‍ കൂടുതലുള്ള മേഖലകളില്‍ എന്‍.എസ്.എസ് പിന്തുണ യു.ഡി.എഫിന് ഗുണം ചെയ്യും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മറ്റ് മുന്നണികള്‍ക്ക് ലഭിച്ച നായര്‍ സമുദായാംഗങ്ങളുടെ വോട്ടും ഇത്തവണ യു.ഡി.എഫിന് ലഭിക്കും. മറ്റ് ജാതി, മതസ്ഥരുടെ പിന്തുണയും വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.