തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ ജോസഫ്-ജോസ് കെ മാണി പ്രശ്നത്തില്‍ ഇടപെട്ട് യു.ഡി.എഫ്. പ്രശ്നം രമ്യതയില്‍ അവസാനിപ്പിക്കാനാണ് യു.ഡി.എഫ് ശ്രമം. ഇതിനായി നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി. മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതൃത്വങ്ങളാണ് സമവായ ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിലെ അധികാര മാറ്റത്തെച്ചൊല്ലിയാണ് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മില്‍ പരസ്യ പോരിലേക്ക് നീങ്ങിയത്. ഇത് മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കും എന്ന നിലയിലേക്ക് നീങ്ങിയതോടെയാണ് തകൃതിയായ ചര്‍ച്ചകള്‍ക്ക് തുടക്കമായത്.
ഇക്കാര്യം ചര്‍ച്ച ചെയ്ത കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി രണ്ട് നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഭരണവുമായി യു.ഡി.എഫ് നേരത്തെ എത്തിച്ചേര്‍ന്നിരുന്ന ധാരണ പാലിക്കണം. ഇരു വിഭാഗങ്ങളും അച്ചടക്കത്തോടെ മുന്നണിയില്‍ തുടരണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.
ഈ നിര്‍ദ്ദേശങ്ങള്‍ ഇരുവിഭാഗവും അംഗീകരിക്കണം എന്ന നിലപാടാണ് മുസ്ലിം ലീഗിനുള്ളത്. മുന്നണിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന തര്‍ക്കങ്ങളില്‍നിന്ന് യു.ഡി.എഫിനെ മുക്തമാക്കേണ്ടതുണ്ടെന്നും സമിതി വിലയിരുത്തി. മുന്നണിക്കുള്ളില്‍ നടക്കുന്ന പടലപ്പിണക്കങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജോസഫ്-ജോസ് കെ മാണി പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നാണ് സമിതിയുടെ ആവശ്യം.
നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് കെ മാണി വിഭാഗത്തില്‍നിന്നുള്ളയാളാണ്. പ്രശ്നം പരിഹരിക്കപ്പെടണമെങ്കില്‍ ഇദ്ദേഹം രാജിവെച്ച് അധികാരം ജോസഫ് വിഭാഗത്തിന് കൈമാറണം. എന്നാല്‍ രാജിവെക്കില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗം. ധാരണ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുമെന്ന് ജോസഫ് വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ധാരണ പ്രകാരം അവസാന ആറുമാസം ഭരിക്കേണ്ടത് ജോസഫ് വിഭാഗമാണ്. സ്ഥാനമൊഴിയാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറാവാതിരുന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. തീരുമാനത്തില്‍ അയവ് വരുത്താന്‍ ജോസ് കെ മാണി ഇതുവരെ തയ്യാറായിട്ടില്ല.
ജോസഫ് വിഭാഗം എല്‍.ഡി.എഫ് മുന്നണിയിലേക്ക് കൂറുമാറിയേക്കുമെന്ന ആശങ്ക കോണ്‍ഗ്രസിന് ഉണ്ടായിരുന്നെങ്കിലും ഏതെങ്കിലും ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് എല്‍.ഡി.എഫ് വികസിപ്പിക്കാനില്ലെന്ന് സി.പി.ഐ.എം വ്യക്തമാക്കിയിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളെയും പിണക്കാതെ നിര്‍ത്താനാണ് യു.ഡി.എഫിന്റെ നീക്കം.
മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് കണ്‍വീനല്‍ ബെന്നി ബെഹനാന് തുടങ്ങിയവരാണ് ചര്‍ച്ച നടത്തുന്നത്. മുന്നണിക്കുള്ളില്‍ തുറന്ന ചര്‍ച്ചക്കുള്ള സാധ്യതകള്‍ നിലനിര്‍ത്തി പരസ്പരം അംഗീകരിച്ച് മുന്നോട്ട് പോകുന്ന രീതിയേ അനുവദിക്കൂ എന്ന് യു.ഡി.എഫ് വ്യക്തമാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ