| Sunday, 5th November 2023, 2:52 pm

യു.ഡി.എഫ് ബന്ധം മുസ്‌ലിം ലീഗിന് ബാധ്യത: പി. രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നേതൃത്വത്തിന്റെ താല്‍പര്യമനുസരിച്ച് ഒരു നിലപാട് സ്വീകരിക്കുന്നതില്‍ മുസ്‌ലിം ലീഗിന് യു.ഡി.എഫ് ഒരു ബാധ്യതയാണെന്ന് മന്ത്രി പി. രാജീവ്. ഇസ്രഈലുമായിട്ടുള്ള ബന്ധം ശക്തിപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ കാലത്താണെന്നും അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ചെടുത്ത് ക്ഷേത്രം പണിയുന്നതിനുള്ള ക്രെഡിറ്റ് തങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ മുസ്‌ലിം ലീഗ് സ്വീകരിച്ചുവരുന്ന രാഷ്ട്രീയത്തിലും അതിന്റെ അണികളുടേയും നേതൃത്വത്തിന്റേയും വികാരത്തിനൊപ്പം നില്‍ക്കുന്നതിലും അവര്‍ രാഷ്ട്രീയമാണെന്ന് കരുതുന്ന കാര്യങ്ങളില്‍ പരസ്യമായ സമീപനം സ്വീകരിക്കുന്ന കാര്യത്തിലും യു.ഡി.എഫ് ബന്ധം മുസ്‌ലിം ലീഗിന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണ് എന്നാണ് മനസിലേക്കേണ്ടതെന്നും പി. രാജീവ് പറഞ്ഞു.

സി.പി.ഐ.എം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുസ്‌ലിം ലീഗിനെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നോ എന്ന ചര്‍ച്ച ഉയരുന്നതിനിടെയാണ് പി. രാജീവിന്റെ വിമര്‍ശനം.

കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണോ സെമിനാറില്‍നിന്ന് പിന്‍മാറിയതെന്ന് വ്യക്തമാക്കേണ്ടത് ലീഗ് നേതൃത്വമാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പൊതുവിഷയങ്ങളില്‍ ഒരുമിച്ച് നില്‍ക്കണമെന്ന ലീഗിന്റെ തോന്നല്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ക്ഷണം നിരസിച്ചുവെന്നതില്‍ യുക്തിയില്ലെന്ന് സി.പി.ഐ.എം നേതാവ് പി മോഹനനും പ്രതികരിച്ചിരുന്നു.

Content Highlights: UDF ties to Muslim League says P. Rajiv

We use cookies to give you the best possible experience. Learn more