| Tuesday, 8th October 2019, 6:55 pm

648 വോട്ടും പഞ്ചായത്തുകളും; ഗൗരിയമ്മയുടെ സ്വന്തം അരൂരില്‍ യു.ഡി.എഫിന്റെ വിജയപ്രതീക്ഷയ്ക്കും കാരണങ്ങളുണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഈ മാസം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഇടതുമുന്നണിയുടെ ഏക സിറ്റിങ് സീറ്റാണ് അരൂര്‍. ഒരുകാലത്ത് ഗൗരിയമ്മയുടെ മണ്ഡലം എന്നാണ് അരൂര്‍ അറിയപ്പെട്ടിരുന്നത്. ആലപ്പുഴയില്‍ ഇക്കുറി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ താന്‍ നേടിയ 648 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്.

യു.ഡി.എഫ് പരാജയപ്പെട്ട ഏക സീറ്റാണ് ആലപ്പുഴയെങ്കിലും അരൂര്‍ തങ്ങള്‍ക്കൊപ്പം നിന്നെന്ന അനുകൂല ഘടകം തന്നെയാണ് അന്നു സ്ഥാനാര്‍ഥിയായിരുന്ന ഷാനിമോളെത്തന്നെ ഇക്കുറിയും സ്ഥാനാര്‍ഥിയാക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചത്.

എന്നാല്‍ ഷാനിമോള്‍ക്കു വെല്ലുവിളി ഉയര്‍ത്തുന്നത്, തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയ അരൂരിലെ മുന്‍ എം.എല്‍.എ എ.എം ആരിഫിനെപ്പോലെ തന്നെ ജനകീയനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു സി. പുളിക്കല്‍. ഡി.വൈ.എഫ്.ഐ നേതാവായ മനുവിലൂടെ മണ്ഡലം നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം മണ്ഡലത്തിലെ പഞ്ചായത്തുകള്‍ നല്‍കുന്ന ആത്മവിശ്വാസവും ഷാനിമോള്‍ക്കു തുണയാകുന്നു. അരൂക്കുറ്റി, അരൂര്‍, ചേന്നംപള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂര്‍ എന്നിങ്ങനെ 10 പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് അരൂര്‍ മണ്ഡലം. ഇതില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏഴെണ്ണവും യു.ഡി.എഫിനൊപ്പമാണു നിന്നത്.

അരൂരില്‍ ആകെ 15 നിയമസഭാ തെരഞ്ഞെടുപ്പുകളാണ് നടന്നിട്ടുള്ളത്. എന്നാല്‍ ഇതില്‍ നിന്ന് നാലു നേതാക്കള്‍ മാത്രമേ നിയമസഭയിലെത്തിയിട്ടുള്ളൂ. കെ.ആര്‍ ഗൗരിയമ്മ, പി.എസ് കാര്‍ത്തികേയന്‍, പി.എസ് ശ്രീനിവാസന്‍, എ.എം ആരിഫ് എന്നിവരാണവര്‍.

10 തവണയും വിജയം ഇടതിനൊപ്പം നിന്നപ്പോള്‍ രണ്ടുതവണ മാത്രമാണ് യു.ഡി.എഫ് ജയിച്ചത്. അതും ഗൗരിയമ്മയെ കൂടെനിര്‍ത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സി.പി.ഐ.എം സ്ഥാനാര്‍ഥിയായി 1965 മുതല്‍ 91 വരെ അരൂരില്‍ മത്സരിച്ച ഗൗരിയമ്മയ്ക്ക് 1977-ല്‍ കോണ്‍ഗ്രസിന്റെ കൂടെ സി.പി.ഐ മത്സരിച്ചപ്പോള്‍ പി.എസ് ശ്രീനിവാസനില്‍ നിന്നു മാത്രമേ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളൂ.

1996-ല്‍ ജെ.എസ്.എസ് രൂപീകരിച്ച് യു.ഡി.എഫിന്റെ ഭാഗമായി മത്സരിച്ച ഗൗരിയമ്മ അക്കൊല്ലവും 2001-ലും വിജയിച്ചു. 2006-ലും 2011-ലും 2016-ലും ആരിഫാണ് ഇവിടെനിന്നു വിജയിച്ചത്. മണ്ഡലത്തിലെ ഗൗരിയമ്മയുടെ കുത്തക പൊളിക്കുക കൂടിയായിരുന്നു അത്.

We use cookies to give you the best possible experience. Learn more