ആചാരം ലംഘിച്ച് ശബരിമലയില്‍ കയറിയാല്‍ രണ്ട് വര്‍ഷം തടവ്, തന്ത്രിക്ക് പരമാധികാരം; നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ട് യു.ഡി.എഫ്
Kerala News
ആചാരം ലംഘിച്ച് ശബരിമലയില്‍ കയറിയാല്‍ രണ്ട് വര്‍ഷം തടവ്, തന്ത്രിക്ക് പരമാധികാരം; നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ട് യു.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th February 2021, 1:51 pm

തിരുവനന്തപുരം: ശബരിമലയിലെ ആചാരസംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന് യു.ഡി.എഫ്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കുന്ന നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടിരിക്കുകയാണ് യു.ഡി.എഫ് നേതൃത്വം. . കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ് നിയമത്തിന്റെ കരട് പുറത്തുവിട്ടത്.

ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തിലാണ് യു.ഡി.എഫിന്റെ ശബരിമല നിയമം. തന്ത്രിയാണ് ക്ഷേത്രത്തിന്റെ പരമാധികാരിയെന്നും അവസാന വാക്ക് തന്ത്രിയുടേതായിരിക്കുമെന്നും നിയമത്തിന്റെ കരടില്‍ പറയുന്നു.

തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും യു.ഡി.എഫ് പറയുന്നു. നിയമത്തിന്റെ കരട് രൂപരേഖ നിയമമന്ത്രി എ കെ ബാലന് കൈമാറുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഏതെങ്കിലും തരത്തില്‍ നിയമത്തിന്റെ കരട് ആരെങ്കിലും തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ കൈമാറട്ടെ എന്ന് മന്ത്രി എ കെ ബാലന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടിരിക്കുന്നത്. വെറുതെ വാചകക്കസര്‍ത്ത് നടത്തുകയല്ല യു.ഡി.എഫ് ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സി.പി.ഐ.എമ്മിനെ വിമര്‍ശിച്ച് നേരത്തേ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ എന്താണ് സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.

അധികാരത്തിലെത്തിയാല്‍ ശബരിമലയുടെ കാര്യത്തില്‍ നിയമനിര്‍മാണം നടത്തുമെന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UDF Sabarimala law draft released