കോട്ടയം: യു.ഡി.എഫിന്റെ കോട്ടയം ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സജി മഞ്ഞക്കടമ്പില്‍. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ സഹകരിപ്പിക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജി. ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും അദ്ദേഹം രാജി വെച്ചു.
കേരള കോണ്‍ഗ്രസിലെ മോന്‍സ് ജോസഫിന്റെ ഏകാധിപത്യം കാരണമാണ് താന്‍ രാജി വെക്കുന്നതെന്ന് സജി മഞ്ഞക്കടമ്പില്‍ പ്രതികരിച്ചു. ജില്ലാ പ്രസിഡന്റ് സ്ഥാനം വളരെ നല്ല രീതിക്ക് കൈകാര്യം ചെയ്തിട്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് തന്നെ മനപ്പൂര്‍വ്വം മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന്‍ സമര്‍പ്പിക്കുമ്പോള്‍ പോലും തന്നെ അകത്തേക്ക് കയറാന്‍ സമ്മതിച്ചില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ‘മോന്‍സ് ഗ്രൂപ്പായി പാര്‍ട്ടി അധപ്പതിച്ചിരിക്കുന്നു. ആ പാര്‍ട്ടിയില്‍ തുടരാന്‍ തനിക്ക് താത്പര്യമില്ല. പി.ജെ. ജോസഫിനെ പരാതി അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല,’ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
എന്നാല്‍ പി.ജെ. ജോസഫുമായും കോണ്‍ഗ്രസിലെ മറ്റൊരു നേതാക്കളുമായും തനിക്ക് ഒരു പിണക്കവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് അടുത്തിടെ സജി മഞ്ഞക്കടമ്പില്‍ രംഗത്തെത്തിയിരുന്നു.
Content Highlight: UDF’s Kottayam District Chairman Saji Manjakadampil resigns