കൊല്ലം: ചടയമംഗലം സീറ്റ് മുസ്‌ലിം ലീഗിന് നല്‍കാനുള്ള യു.ഡി.എഫ് തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ പരസ്യ പ്രതിഷേധം. സീറ്റ് കോണ്‍ഗ്രസിന് തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ.എസ്.യു പ്രവര്‍ത്തകരുമാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
സീറ്റ് ലീഗിന് വിട്ടുകൊടുക്കേണ്ടതില്ലെന്നും ഇത്തവണ കോണ്‍ഗ്രസ് മത്സരിച്ചാല്‍ ഉറപ്പായും മത്സരിക്കാന്‍ സാധ്യതയുള്ള സീറ്റാണ് ചടയമംഗലമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ വാദം.
ഇക്കാര്യം തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനമാകാത്തതിനാലാണ് പരസ്യ പ്രതിഷേധം നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
മുല്ലക്കര രത്‌നാകരന്‍ വിജയിച്ച മണ്ഡലമാണ് കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജക മണ്ഡലം. ഇത്രയും കാലത്തിനിടക്ക് മുല്ലക്കര രത്‌നാകരന്‍ മണ്ഡലത്തിന് വേണ്ടി കാര്യമായൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും അതിനാല്‍ ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് വാദം. മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം ഘടകകക്ഷികള്‍ തന്നെ ആലോചിച്ച് എടുക്കേണ്ടതാണെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ലീഗിന് ഇത്തവണ 27 സീറ്റുകള്‍ നല്‍കാനാണ് ധാരണയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബേപ്പൂര്‍, കൂത്തുപറമ്പ്, ചേലക്കര എന്നീ മൂന്ന് സീറ്റുകള്‍ അധികം നല്‍കും. പുനലൂര്‍, ചടയമംഗലം സീറ്റുകള്‍ തമ്മില്‍ വെച്ചുമാറാനുമുള്ള ധാരണയുണ്ട്. ബാലുശ്ശേരി മണ്ഡലത്തിന് പകരം കുന്ദമംഗലം മണ്ഡലം നല്‍കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം തിരുവമ്പാടി മണ്ഡലം ലീഗിന് തന്നെ നല്‍കും. ഇതിന് പിന്നാലെ താമരശ്ശേരി ബിഷപ്പുമായി ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടിയും എം.കെ മുനീറും ചര്‍ച്ച നടത്തി.
തിരുവമ്പാടി മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിന് പിന്തുണ തേടിയാണ് ഇരുവരും എത്തിയത്. ബിഷപ്പ് റമിജിയോസ് ഇഞ്ചനാലിയലുമായിട്ടാണ് കൂടിക്കാഴ്ച്ച നടത്തിയത്. മണ്ഡലത്തില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി വേണമെന്ന് നേരത്തെ സഭ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ പി.ജെ ജോസഫുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ലീഗിന്റെ സ്ഥാനാര്‍ത്ഥികളെയും മണ്ഡലവും ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: UDF public protest over seat sharing in Chadayamangalam to league