| Tuesday, 14th December 2021, 10:39 pm

കെ റെയില്‍ വന്നാല്‍ ഇനിയൊരു ഭരണ സാധ്യതയില്ലെന്ന ഭയമാണ് യു.ഡി.എഫിന്; എം.പിമാരുടെ നിവേദനം വികസന സാധ്യതകളെ വെല്ലുവിളിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരായി യു.ഡി.എഫ് എം.പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം സംസ്ഥാനത്തിന്റെ സമഗ്ര വികസന താല്‍പര്യങ്ങള്‍ക്കും യുവജനങ്ങളുടെ തൊഴില്‍ സാധ്യതകള്‍ക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ.

സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും സമഗ്രമായ വികസന താല്‍പ്പര്യങ്ങള്‍ക്കെതിരെ ജനവിരുദ്ധരും വികസന വിരുദ്ധരുമായി നില്‍ക്കുകയാണ് യു.ഡി.എഫെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ജനോപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഭരണ തുടര്‍ച്ച നേടിയ ഇടതുപക്ഷ സര്‍ക്കാര്‍ കെ റെയില്‍ കൂടി നടപ്പിലാക്കുന്നതിലൂടെ, തങ്ങള്‍ക്ക് കേരളത്തില്‍ ഇനിയൊരു ഭരണ സാധ്യതയുണ്ടാകില്ലെന്ന ഭയവും യു.ഡി.എഫിന്റെ എതിര്‍പ്പിന് പിന്നിലുണ്ടെന്ന് സംശയിക്കണം.

ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയ പദ്ധതിക്കെതിരെ വൈകാരികത ഇളക്കി വിട്ട് പദ്ധതിയെ ഇല്ലാതാക്കാന്‍ നടത്തിയ സമീപനമാണ് യു.ഡി.എഫ് ഇവിടയും തുടരുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും താല്‍പര്യമായ, ഗതാഗത സൗകര്യങ്ങള്‍ക്കും ബഹുമുഖമായ വികസന മേഖലകള്‍ക്കും അനന്തമായ തൊഴില്‍ സാധ്യതയിലൂടെ സംസ്ഥാനത്തെ തൊഴിലന്വേഷകരായ യുവതയ്ക്കും ഏറെ പ്രതീക്ഷ നല്‍കുന്ന കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോവണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

ലോകത്ത് ജനതയുടെ ജീവിത നിലവാരത്തേയും രാജ്യത്തിന്റെ സമ്പദ് ഘടനയെ തന്നെയും മാറ്റി മറിച്ചു വികസനത്തിന്റെ പാതയിലേക്ക് നയിച്ചതില്‍ സില്‍വര്‍ ലൈന്‍ പോലുള്ള അതിവേഗ റെയില്‍ പാതകള്‍ക്ക് വലിയ പങ്കുണ്ട്. കേരളത്തിലെ ഭൂരിഭാഗം മനുഷ്യര്‍ക്കും വേഗതയേറിയ ഗതാഗതം, വിദ്യാഭ്യാസം, തൊഴില്‍, വാണിജ്യം, വ്യവസായം, ചരക്ക് നീക്കം, ടൂറിസം എന്നിങ്ങനെ വ്യത്യസ്ത രംഗങ്ങളില്‍ ഏറെ ഉപകാരപ്രദമായ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യു.ഡി.എഫിന്റെ ജനപ്രതിനിധികള്‍ തന്നെ രംഗത്തുവരുന്നത് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് തന്നെയുള്ള വെല്ലുവിളിയാണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

ലോകത്തിലെ തന്നെ അടിസ്ഥാന ജന വിഭാഗങ്ങള്‍ക്ക് പ്രാപ്യമായ ഏറ്റവും പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ യാത്രാ മാര്‍ഗമാണ്
റെയില്‍വേ. കാര്‍ബണ് ന്യൂട്രലായ ഏറ്റവും മികച്ച യാത്രാ രീതിയെന്ന് ലോകമറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്ര വിദഗ്ദര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന ഒരു ഗതാഗത പദ്ധതിയെയാണ് യാതൊരു പഠനങ്ങളുടെ പിന്‍ബലവുമില്ലാതെ പരിസ്ഥിതി വിരുദ്ധമെന്ന് ആരോപിച്ച് യു.ഡി.എഫ് എതിര്‍ക്കുന്നതെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.

അതിവേഗത്തിലുള്ള യാത്ര സൗകര്യം മാത്രമല്ല സംസ്ഥാനത്തിന്റെ മുഖം തന്നെ മാറ്റിയേക്കാവുന്ന സമഗ്ര വികസന പദ്ധതി കൂടിയാണ് കെ റെയില്‍. സംസ്ഥാനത്തെ വാണിജ്യ-വ്യവസായ മേഖലകളേയും തൊഴില്‍ മേഖലകളേയും ആഴത്തില്‍ പരിപോഷിപ്പിക്കുന്നതും ടൂറിസമടക്കുമുള്ള പരോക്ഷ തൊഴില്‍ മേഖലകള്‍ക്ക് വന്‍ തോതിലുള്ള കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, കെ റെയില്‍ പദ്ധതിക്കെതിരായ യു.ഡി.എഫ് എം.പിമാരുടെ നിവേദനത്തില്‍ ശശി തരൂര്‍ എം.പി ഒപ്പുവെച്ചിരുന്നില്ല. യു.ഡി.എഫ് എം.പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് ശശി തരൂര്‍ എം.പി ഒപ്പുവെക്കാതിരുന്നത്.

കെ റെയില്‍ പദ്ധതി സംബന്ധിച്ച് കൂടുതല്‍ പഠനം വേണമെന്നാണ് ശശി തരൂരിന്റെ നിലപാട്. ഇതാണ് നിവേദനത്തില്‍ തരൂര്‍ ഒപ്പിടാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെ റയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയ്യാറെടുക്കവെയാണ് ശശി തരൂര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  UDF petition against K Rail; Challenges Development and Employment Opportunities in Kerala, says DYFI

We use cookies to give you the best possible experience. Learn more