| Sunday, 5th December 2021, 8:21 pm

സുധാകരന്റെ രാഷ്ട്രീയ വിജയം, മമ്പറം പാനല്‍ മുഴുവനും തോറ്റു; ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം പിടിച്ച് യു.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനലിന് ജയം. മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെയാണ് യു.ഡി.എഫ് പരാജയപ്പെടുത്തിയത്. മത്സരം നടന്ന 12 സീറ്റും നേടിയാണ് യു.ഡി.എഫ് വിജയിച്ചത്.

ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മമ്പറം ദിവാകരനെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തിരുന്നു. ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ആരോപിച്ച് കൊണ്ടായിരുന്നു ദിവാകരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

മമ്പറം ദിവാകരന് വേണ്ടി പ്രവര്‍ത്തിച്ച കോണ്‍ഗസ് മമ്പറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.കെ. പ്രസാദിനെ സ്ഥാനത്ത് നിന്ന് നീക്കി. ഡി.സി.സി ജനറല്‍ സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു.

29 വര്‍ഷത്തെ ഭരണത്തിന് ശേഷം മമ്പറം ദിവാകരന്‍ ആശുപത്രിയുടെ തലപ്പത്ത് നിന്ന് പടിയിറങ്ങുമ്പോള്‍ കെ. സുധാകരന് ഇതൊരു വലിയ രാഷ്ട്രീയ വിജയാണ് കണക്കാക്കുന്നത്.

അയ്യായിരത്തി ഇരുന്നൂറ് വോട്ടര്‍മാരുള്ള സംഘത്തില്‍ ഡയറക്ടര്‍മാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിച്ചത്. ഗുണ്ടകളെയിറക്കി കെ. സുധാകരന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരന്റെ പരാതിയെ തുടര്‍ന്ന് കര്‍ശന പൊലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍.

അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കിയതിനു പിന്നില്‍ സുധാകരന്റെ വ്യക്തിവൈരാഗ്യം മാത്രമാണെന്ന് മമ്പറം ദിവാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കെ.പി.സി.സി പ്രസിഡന്റെന്നത് മഹത്തായ പദവിയാണെന്നും കെ. സുധാകരന്‍ പ്രസിഡന്റാകാതിരിക്കാന്‍ താന്‍ ശ്രമിച്ചിരുന്നെന്നും മമ്പറം ദിവാകരന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: UDF panel wins Thalassery Indira Gandhi Co-operative Hospital elections
We use cookies to give you the best possible experience. Learn more