| Wednesday, 8th November 2017, 6:44 pm

യു.ഡി.എഫ് മന്ത്രിമാരും തോമസ് ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചു; ഇതിനെ എതിര്‍ത്തതിനാണ് തന്നെ ഒറ്റപ്പെടുത്തിയതെന്നും കൊടിക്കുന്നില്‍ സുരേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ആതിഥ്യം യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരും സ്വീകരിച്ചിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഇതിനെ പരസ്യമായി എതിര്‍ത്തത് കൊണ്ടാണ് തന്നെ ഒറ്റപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിക്കെതിരെ താനാണ് ആദ്യമായി പരസ്യ നിലപാട് എടുത്തത്. അന്ന് തന്നെ എല്ലാവരും എതിര്‍ക്കുകയായിരുന്നു.

സ്ഥാനമാനങ്ങള്‍ നേടി അത് തന്റെ ബിസിനസ് വളര്‍ത്താനാണ് തോമസ് ചാണ്ടി പരിശ്രമിക്കുന്നത്. ഇത് താന്‍ മുന്നെ തുറന്ന് കാട്ടിയതാണ് എന്നാല്‍ അന്ന് തന്റെ വാക്ക് ആരും വകവെച്ചില്ല.


Also Read ‘നോട്ടു നിരോധനംകൊണ്ട് ഗുണമുണ്ടായത് ഈ യു.പിക്കാരന്’; പത്തുരൂപ കയ്യിലില്ലാതിരുന്ന ഇയാളിന്ന് 52000 കോടി ആസ്തിയുള്ള കമ്പനി ഉടമ


കഴിഞ്ഞ മന്ത്രി സഭയുടെ കാലത്ത് കൃഷി മന്ത്രിയായിരുന്ന കെ.പി മോഹനന്‍ കുട്ടനാട്ടിലെ കൃഷി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിരുന്നത് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലായിരുന്നു. ഇതിനെതിരെ താന്‍ ശക്തമായി പ്രതിഷേധിച്ചു. പക്ഷേ പാര്‍ട്ടിയോ യു.ഡി.എഫോ തന്നെ പിന്തുണച്ചില്ലെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.

തോമസ് ചാണ്ടിക്കെതിരെ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ താന്‍ ആസ്വദിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more