വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജക്കെതിരായ അശ്ലീല പ്രചരണത്തിന്റെ ആസൂത്രകനായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സല്‍മാന്‍ വാളൂരിന് യു.ഡി.എഫ് പ്രവര്‍ത്തകരുടെ പിന്തുണ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ലീഗ് പ്രവർത്തകന് പ്രവര്‍ത്തകര്‍ പിന്തുണ പ്രഖ്യാപിക്കുന്നത്.
വേട്ടയാടാനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ ചേര്‍ത്തുനിര്‍ത്താനാണ് ഞങ്ങളുടെ തീരുമാനമെന്ന കുറിപ്പോടെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സല്‍മാന്‍ വാളൂരിന് പിന്തുണ നല്‍കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയതില്‍ കഴിഞ്ഞ ദിവസം സല്‍മാന്‍ വാളൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു. വ്യാജ അക്കൗണ്ടുകള്‍ മുഖേന അശ്ലീല പ്രചരണം നടത്തുന്നത് കൂടാതെ വോട്ടര്‍മാര്‍ക്കിടയില്‍ നേരിട്ടും കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ പ്രചരണം നടത്തിയതായി പൊലീസ് സൂചിപ്പിച്ചിരുന്നു.
ദേശാഭിമാനി പത്രത്തില്‍ ഇതുസംബന്ധിച്ച് വന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതികരണം. ദേശാഭിമാനിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍വ്യൂ ചെയ്ത വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്. അങ്ങനെയാണെങ്കില്‍ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനാണ് കേസെന്ന പ്രചരണം എന്തിന്റെ അടിസ്ഥാനത്തിലാണെന്നും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചോദിക്കുന്നു.
ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ ശൈലജക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ലീഗ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്. നാട്ടില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ പോസ്റ്റ് ചെയ്തു എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
അതേസമയം കെ.കെ. ശൈലജക്കെതിരെ നടക്കുന്ന സൈബറാക്രമണത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വ്യാപകമായി വ്യാജ വാര്‍ത്തകളും അധിക്ഷേപ പരാമര്‍ശങ്ങളും പ്രചരിച്ചിരുന്നു.
തിങ്കളാഴ്ച തനിക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആരോപണങ്ങളിലും അധിക്ഷേപങ്ങളിലും കെ.കെ. ശൈലജ വൈകാരികമായും രൂക്ഷമായും പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഒപ്പം തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കിയിരുന്നു.
Content Highlight: UDF members support the person who made obscene comments on social media against K.K. Shailaja