യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് രമേശ് ചെന്നിത്തല
Kerala News
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th May 2019, 3:25 pm

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയുടെ കാര്യത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ തെരഞ്ഞെടുപ്പോടെ കേരളം സമ്പൂര്‍ണമായി ഇടതുപക്ഷത്തെ തള്ളിക്കളഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്തു ചേര്‍ന്ന യു.ഡി.എഫ് യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 16 നിയമസഭാ മണ്ഡലത്തിലൊതുങ്ങിയ എല്‍.ഡി.എഫിനു ഭരിക്കാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായി അവര്‍ക്കു തുടരാം. പക്ഷേ ജനമനസ്സുകളില്‍ നിന്ന് തൂത്തെറിയപ്പെട്ടുപോയ മുന്നണിയാണ് അവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമലയുടെ കാര്യത്തില്‍ ഉറഞ്ഞുതുള്ളിയ കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തില്‍ എല്‍.ഡി.എഫ് മൂന്നാംസ്ഥാനത്താണ്. ആര്‍.എസ്.എസിനെതിരായ പ്രതിരോധം സഭയ്ക്കകത്തും പുറത്തും തുടരും. മതന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിനൊപ്പം നിന്നു. പിണറായിയോടും മോദിയോടുമുള്ള വിയോജിപ്പും ജനം പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിനു ലഭിച്ച വിജയം അത്ഭുതാവഹവും ആശ്വാസ്യകരവും പ്രതീക്ഷ നല്‍കുന്നതുമാണ്. കേരളത്തിലെ യു.ഡി.എഫ് മുന്നോട്ടുവെച്ച നയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് വിജയം. 20 സീറ്റും യു.ഡി.എഫ് തൂത്തുവാരിയ 1977-ല്‍ പോലും എല്‍.ഡി.എഫുമായുള്ള വോട്ട് വ്യത്യാസം ഇത്രയധികമുണ്ടായിരുന്നില്ല. യു.ഡി.എഫിന്റെ എക്കാലത്തേയും ഏറ്റവും വലിയ വിജയമാണിത്. യു.ഡി.എഫിന്റെ നയവും ആശയങ്ങളും ജനങ്ങള്‍ സ്വീകരിച്ചു. 123 നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിന് മുന്നിലെത്താനായി. എല്‍.ഡി.എഫിന് ഇപ്പോള്‍ വെറും 16 മണ്ഡലങ്ങളില്‍ മാത്രമെ ഭൂരിപക്ഷമുള്ളൂ. 16 മന്ത്രിമാര്‍ക്ക് ജനപിന്തുണ നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളാ കോണ്‍ഗ്രസിലെ അധികാരപ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായില്ല. എന്നാല്‍ ഘടകകക്ഷികളുടെ പ്രശ്‌നങ്ങള്‍ മുന്നണിയെ ബാധിക്കരുതെന്ന് യോഗത്തില്‍ പരാമര്‍ശമുണ്ടായി.