കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍.ഡി.എഫിനെ പിന്തുണച്ചു; ചങ്ങനാശേരിയില്‍ യു.ഡി.എഫിന് ഭരണം നഷ്ടം
Kerala News
കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍.ഡി.എഫിനെ പിന്തുണച്ചു; ചങ്ങനാശേരിയില്‍ യു.ഡി.എഫിന് ഭരണം നഷ്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th July 2023, 12:59 pm

 

കോട്ടയം: ചങ്ങനാശേരി നഗര സഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി.
നഗരസഭ അധ്യക്ഷ സന്ധ്യ മനോജിനെതിരായി എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാവുകയായിരുന്നു.

37 അംഗ കൗണ്‍സിലില്‍ 19 അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. എല്‍.ഡി.എഫിലെ 16 അംഗങ്ങള്‍ക്ക് പുറമെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.

സന്ധ്യ മനോജ് യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രയായിരുന്നു. ഭരണസ്തംഭനം, ഭരണത്തിലെ കെടുകാര്യസ്ഥത എന്നിവ ചൂണ്ടിക്കാണിച്ചായിരുന്നു എല്‍.ഡി.എഫിന്റെ പ്രമേയം. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും 17ാം വാര്‍ഡ് അംഗവുമായ രാജു ചാക്കോ, 33ാം വാര്‍ഡ് അംഗവും കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ്, സ്വതന്ത്രയായ ബീനാ ജോബി എന്നിവരാണ് എല്‍.ഡി.എഫിനെ പിന്തുണച്ച് വോട്ട് ചെയ്തത്. ബീനാ ജോബിയും നേരത്തെ യു.ഡി.എഫിന് പിന്തുണ നല്‍കിയിരുന്നയാളാണ്.

അതേസമയം, രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പുറമെയുള്ള മറ്റ് യു.ഡി.എഫ് പ്രതിനിധികളും ബി.ജെ.പിയും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നു.

Content Highlight: UDF lost power in Changanassery Municipal