| Saturday, 10th April 2021, 12:37 pm

ആ മാതാപിതാക്കളുടെ കണ്ണീരും വേദനയും കണ്ടുനില്‍ക്കാനാവുന്നില്ല; മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് യു.ഡി.എഫ് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പാനൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് യു.ഡി.എഫ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടി, കെ. സുധാകരന്‍ എന്നിവരടങ്ങുന്ന നേതാക്കളാണ് മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ചത്.

മന്‍സൂറിന്റെ മാതാപിതാക്കളുമായി സംസാരിച്ച നേതാക്കള്‍ നീതി ഉറപ്പാക്കാന്‍ ഏതറ്റം വരേയും പോകുമെന്നും ബന്ധുക്കളെ അറിയിച്ചു.

എന്തിന് വേണ്ടിയാണ് ഒരു യുവാവിനെ കൊലചെയ്തതെന്നും അവന്റെ മാതാപിതാക്കളുടെ കണ്ണീരും വേദനയും കാണാന്‍ കഴിയില്ലെന്നും സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ രമേശ് ചെന്നിത്തല പ്രതികരിച്ചു.

യഥാര്‍ത്ഥ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം, എന്നാല്‍ നിലവിലെ അന്വേഷണത്തില്‍ അതിന് കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സാധാരണഗതിയില്‍ ലോക്കല്‍പൊലീസ് അന്വേഷിച്ച് കഴിഞ്ഞാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നത്. എന്നാല്‍ ഇവിടെ സംഭവിച്ചത് നേരിട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്ന സ്ഥിതിയാണ്. അതും പാര്‍ട്ടിയോട് ഏറ്റവും അടുത്ത ബന്ധമുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ കൈയ്യിലേക്ക്. തെളിവുകള്‍ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാനാണ് ഈ ശ്രമം.’ രമേശ് ചെന്നിത്തല പറഞ്ഞു.

മന്‍സൂറിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ ഏതറ്റം വരേയും പോകുമെന്നും നിലവിലെ അന്വേഷണം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

മന്‍സൂര്‍ വധക്കേസ് പ്രതി തൂങ്ങിമരിച്ചതില്‍ സംശയമുണ്ടെന്ന് കെ. സുധാകരന്‍ പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കാന്‍ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നാണ് സംശയം. ഫസല്‍ വധക്കേസിലും രണ്ടു പ്രതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്നും സുധാകരന്‍ ആരോപിച്ചു.

മന്‍സൂര്‍ കൊലപാതകകേസില്‍ ഇതുവരേയും രണ്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് ആരോപിക്കുന്ന അനീഷ് ഒതയോത്താണ് ഒടുവില്‍ പിടിയിലായത്.

കേസിലെ ഒന്നാം പ്രതി ഷിനോസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയായ രതീഷ് കൂലോത്തിനെയാണ് ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UDF leaders Visit Panoor Manzoor Home

We use cookies to give you the best possible experience. Learn more