നിലയ്ക്കല്‍: നിലയ്ക്കലില്‍ പൊലീസ് ഗോ ബാക്ക് മുദ്രാവാക്യം മുഴക്കി യു.ഡി.എഫ് നേതാക്കള്‍. മുഴുവന്‍ പ്രവര്‍ത്തകരേയും സന്നിധാനത്തേക്ക് കടത്തിവിടണം എന്നാവശ്യപ്പെട്ടാണ് യു.ഡി.എഫിന്റെ പ്രതിഷേധ സമരം.
144 പിന്‍വലിക്കണമെന്നും ശബരിമലയില്‍ കരിനിയമങ്ങള്‍ അനുവദിക്കില്ലെന്നും പറഞ്ഞാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നത്.
നിങ്ങള്‍ ക്ഷേത്രത്തില്‍ പോകുന്നതിനെ ആരും തടയില്ലെന്നും നിങ്ങള്‍ക്ക് പോകാമെന്നും എസ്.പി യതീഷ് ചന്ദ്ര പറഞ്ഞെങ്കിലും 144 പിന്‍വലിക്കാതെ പോകില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റു നേതാക്കളും.
ശബരിമല സന്ദര്‍ശനത്തിനായി ഇറങ്ങിയ യു.ഡി.എഫ് നേതാക്കളെ പൊലീസ് നിലയ്ക്കലില്‍ തടഞ്ഞിരുന്നു. എം.എല്‍.എമാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരേയും കടത്തി വിടാമെന്ന പൊലീസ് ആവശ്യം യു.ഡി.എഫ് നേതാക്കള്‍ അംഗീകരിച്ചില്ല. പിന്നീട് എസ്.പി നേരിട്ടെത്തി നിങ്ങള്‍ക്ക് പോകാമെന്ന് അറിയിച്ചെങ്കിലും നേതാക്കള്‍ വഴങ്ങിയില്ല.
യു.ഡി.എഫ് സംഘത്തെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു; നിരോധനാജ്ഞ ലംഘിച്ച് മുന്നോട്ടുപോകുമെന്ന് ചെന്നിത്തല
അനാവശ്യ നിയന്ത്രണമാണ് ശബരിമലയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നതെന്നും അക്രമകാരികളുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
144 പിന്‍വലിക്കണം. മൂന്നോ നാലോ എം.എല്‍.എമാരെ മാത്രം കടത്തിവിടാമെന്നാണ് പറയുന്നത്. നിരോധനാഞ്ജ എന്തിനാണ്. അയ്യപ്പഭക്തന്‍മാരെ എന്തിന് തടയുന്നു. കലാപം ഉണ്ടാക്കുന്നവരുണ്ടെങ്കില്‍ അവരെ അറസ്റ്റു ചെയ്യണം. സംഘപരിവാര്‍ ആര്‍.എസ്.എസ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതില്‍ ആര്‍ക്കാണ് പരാതി. ഒരു കാലത്തും ഒരു ആരാധനാലയത്തിലും ഇല്ലാത്ത നിയന്ത്രണങ്ങളാണ് ഇവിടെ. ശബരിമല തീര്‍ത്ഥാടനത്തെ സര്‍ക്കാര്‍ അട്ടിമറിക്കുന്നു. പ്രളയാനന്തരം ഒരുക്കേണ്ട സൗകര്യം ഇവിടെ ഒരുക്കിയില്ല. ഇവിടെ എല്ലാം താറുമാറായി കിടക്കുന്നു. ഭക്തജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.