സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം യു.ഡി.എഫ് നേതാക്കളും; ചിത്രങ്ങള്‍ പുറത്ത്
Kerala
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം യു.ഡി.എഫ് നേതാക്കളും; ചിത്രങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st October 2017, 5:56 pm

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് എല്‍.ഡി.എഫ് നേതാക്കളുമായി ബന്ധമുണ്ടെന്ന ആരോപണം പുറത്ത് വന്നതിനു പിന്നാലെ പ്രതിക്കൊപ്പം യു.ഡി.എഫ് നേതാക്കള്‍ നില്‍ക്കുന്ന ചിത്രം പുറത്ത് വന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അബു ലൈസ് യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം ഹോട്ടലിലുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.


Also Read:  എ.പി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്


കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് എന്നിവര്‍ അബു ലൈസിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് എം.എല്‍.എമാരായ കാരാട്ട് റസാഖ്, പി.ടി.എ റഹീം എന്നിവര്‍ അബു ലൈസിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. ലൈസ് തന്റെ ബന്ധുവാണെന്നായിരുന്നു പി.ടി.എ റഹീം പ്രതികരിച്ചിരുന്നത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതിയാണ് ലൈസ് എന്നാല്‍ അബു ലൈസിനെ നേരിട്ട് പരിചയമില്ലെന്ന് അഡ്വ. ടി സിദ്ദിഖ് പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ദുബായില്‍ പോയപ്പോള്‍ നിരവധി പേര്‍ തനിക്കൊപ്പം ചിത്രമെടുത്തിട്ടുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.


Dont Miss: തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനെ ‘ഫാസിസ്റ്റ് ഡിക്ടേറ്റര്‍’ എന്ന് വിളിച്ചതിന് എം.പിക്കെതിരെ കേസ്


തനിക്ക് അബ്ദുള്‍ ലൈസിനെ വ്യക്തിപരമായി അറിയില്ലെന്നും ഇത് സംബന്ധിച്ച് ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും സിദ്ദിഖ് പറഞ്ഞു. വ്യക്തിപരമായി യാതൊരു ബന്ധവും അബു ലൈസുമായിട്ടില്ലെന്ന് പി.കെ ഫിറോസും പ്രതികരിച്ചു. ബന്ധം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.