| Wednesday, 3rd May 2017, 6:00 pm

'എന്നാലും എന്റെ മാണി സാറെ ഈ ചതി വേണ്ടായിരുന്നു'; കോട്ടയം നിലപാടിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം പിന്തുണയോടെസ്ഥാനം പിടിച്ചെടുത്ത കേരളാ കോണ്‍ഗ്രസ്(എം) നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. മാണിയുടെ കാലുമാറ്റം നിര്‍ഭാഗ്യകരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടപ്പോള്‍രാഷ്ട്രീയ വഞ്ചനയാണിതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.


Also read മോദിയെ അധിക്ഷേപിക്കുന്ന സന്ദശങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ അറസ്റ്റുചെയ്തു 


കെ.എം മണിയെ നെറികേടിന്റെ പര്യായമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ വിശേഷിപ്പിച്ചത്. സി.പി.ഐ.എം പിന്തുണ തേടി പോയവര്‍ നാളെ നരേന്ദ്ര മോദിയുടെ പിന്തുണ തേടുമെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ മാണിക്കെതിരെ പാര്‍ട്ടിയിലെ ജോസഫ് നിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

മാണി വിഭാഗം വോട്ടെടുപ്പിന്റെ അവസാനനിമിഷം കാലുമാറിയത് തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയെന്നും കോണ്‍ഗ്രസ് ബന്ധം വേര്‍പ്പെടുത്താന്‍ മാണി പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. യു.ഡി.എഫ് മാന്യതവിട്ട് പെരുമാറിയിട്ടില്ലെന്നും മുഴുവന്‍കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഈ തീരുമാനത്തിന് എതിരാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കേരളാ കോണ്‍ഗ്രസ് കാട്ടിയത് കടുത്ത രാഷ്ട്രീയ വഞ്ചനയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കെഎം മാണിയുടേത് കേരളം കണ്ട ഏറ്റവും അവസരവാദപരമായ നിലപാടാണെന്നും ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരിക്കലും പൊറുക്കില്ലെന്നും മാണിക്കെതിരെ ആരോപണം ഉന്നയിച്ചവരാണ് സിപി.ഐ.എം എന്നും ചെന്നിത്തല പറഞ്ഞു.

കെ.എം മാണി നെറികേടിന്റെ പര്യായമാണെന്നു പറഞ്ഞ കെ. മുരളീധരന്‍ തല്ലുന്നവരുടെ കൈ തലോടാനാണ് മാണിക്കിഷ്ടമെന്നും തോന്നുമ്പോള്‍ വന്ന് കേറാനുളള വഴിയമ്പലമല്ല യു.ഡി.എഫെന്നും പറഞ്ഞു. കാക്ക മലര്‍ന്നു പറന്നാലും കെ.എം മാണിയും ജോസ് കെ മാണിയും ഇനി യു.ഡി.എഫില്‍ ഉണ്ടാകില്ലെന്ന പ്രസ്താവനയും മുരളീധരന്‍ നടത്തി.

കേരളാ കോണ്‍ഗ്രസില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകള്‍ പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന ജോസഫ് വിഭാഗത്തിന്റേതായിരുന്നു. പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച ചെയ്യാതെയാണ് ഈ തീരുമാനം എടുത്തതെന്ന് എം.എല്‍.എയായ മോന്‍സ് ജോസഫ് പറഞ്ഞു. രാഷ്ട്രീയമായി വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചതില്‍ തെറ്റില്ലെന്ന നിരീക്ഷണവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ മോന്‍സ് ജോസഫ് നടത്തി.

എന്നാല്‍ ജോസ് കെ. മാണിക്കെതിരെയായിരുന്നു കെ.പി.സി.സി താല്‍ക്കാലിക അധ്യക്ഷന്‍ എം.എം ഹസന്റെ വിമര്‍ശനങ്ങള്‍
മാണിയുടെ അറിവോടെ മകന്‍ നടത്തിയ കൊടുംചതിയാണിതെന്നാണ് ഹസന്‍ പറഞ്ഞത്. ചതിയന്മാര്‍ തങ്ങളല്ല ചതിക്കാനായിരുന്നുവെങ്കില്‍ ഇതിന് മുന്‍പെ ആകാമായിരുന്നുവെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.


Dont miss വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്‌ളീല ചിത്രങ്ങള്‍ പങ്കുവെച്ച് ബി.ജെ.പി എം.എല്‍.എ


എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ച് നിന്ന കെ.എം മാണി കരാര്‍ ലംഘനം ആദ്യം നടത്തിയത് കോണ്‍ഗ്രസാണെന്നും അവര്‍ മലര്‍ന്നുകിടന്നു തുപ്പുകയാണെന്നും പറഞ്ഞു. കോട്ടയം ഡി.സി.സി തന്നെ കുത്തിനോവിച്ചെന്നും പറഞ്ഞ മാണി സാര്‍ എല്‍.ഡി.എഫിനെ കൂട്ടുപിടിക്കുക എന്നത് ജില്ലാ പഞ്ചായത്തിലെ അംഗങ്ങള്‍ സ്വയമെടുത്ത തീരുമാനമാണെന്നും തനിക്കും ജോസ് മാണിക്കും അതില്‍ പങ്കില്ലെന്ന വിശദീകരണവും നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more