മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്തു നടക്കാനിരിക്കുന്ന സംയുക്ത പ്രതിഷേധത്തില്‍ നിന്ന് ജാമിഅ മില്ലിയ സര്‍വകലാശാലാ വിദ്യാര്‍ഥിനി ആയിഷ റെന്നയെ ഒഴിവാക്കി. ആയിഷയുള്ള പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സി.പി.ഐ.എം അംഗങ്ങള്‍ അറിയിച്ചതോടെയാണ് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ആയിഷയെ ഒഴിവാക്കിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തേ മലപ്പുറം കൊണ്ടോട്ടിയില്‍ നടന്ന പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ നടത്തിയ പ്രസ്താവനയില്‍ ആയിഷ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ വേദിയില്‍ പ്രതിഷേധിച്ചത് ഏറെ വിവാദമായിരുന്നു.
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് പിണറായി സര്‍ക്കാര്‍ ജയിലില്‍ വെച്ചിട്ടുള്ള വിദ്യാര്‍ഥികളെയും മറ്റുള്ളവരെയും വിട്ടയക്കണമെന്ന ആയിഷയുടെ പ്രസ്താവനയാണ് അവരെ രോഷാകുലരാക്കിയത്.
തനിക്കെതിരെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നു മോശം പ്രതികരണമാണുണ്ടായതെന്ന് ആയിഷ പിന്നീട് പറഞ്ഞിരുന്നു.
പ്രതിഷേധക്കാരെ ജയിലില്‍ അടച്ച സംസ്ഥാന സര്‍ക്കാരിനെതിരെ പറഞ്ഞതു തന്റെ നിലപാടാണെന്നും അതില്‍ അസഹിഷ്ണുത കാണിക്കുകയും തന്റെ നേരെ ആക്രോശിക്കുകയും അല്ല വേണ്ടതെന്നും ആയിഷ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
‘എന്റെ അഭിപ്രായം ഞാന്‍ എന്റെ വീട്ടില്‍ പോയി പറഞ്ഞിരുന്നു എന്നുണ്ടെങ്കില്‍ ഞാന്‍ ഒരിക്കലും ഈ പൊസിഷനില്‍ നില്‍ക്കില്ല. അങ്ങനെയൊരു പ്രതിഷേധത്തിനു മുന്‍പില്‍ ഞാന്‍ നില്‍ക്കില്ല. അതു ഞാന്‍ പുറത്തു പറയുന്നതുകൊണ്ടും ആളുകളെ അതുവെച്ചു സമീപിക്കുന്നതു കൊണ്ടും മാത്രമാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്.
ഇതുപോലുള്ള ഹേറ്റ് കാമ്പയിനുകളും ആക്രോശങ്ങളും നമ്മള്‍ മുന്നോട്ടുനയിക്കുന്ന സമരത്തിന്റെ ലക്ഷ്യസ്ഥാനത്തു നിന്നും നമ്മളെ വഴിതിരിച്ചുവിടാനുള്ള ചില ശ്രമങ്ങളായേ ഞാന്‍ കാണുന്നുള്ളൂ.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഭരണഘടന നമുക്കു മുന്നോട്ടു വെച്ചുതന്നിട്ടുള്ള ചില അവകാശങ്ങളുണ്ട്. അതു നമുക്കു തന്ന അവകാശങ്ങളാണ്. അതു വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെയാണു നമ്മള്‍ സമരം ചെയ്യുന്നത്,’ ആയിഷ പറഞ്ഞിരുന്നു.