| Wednesday, 7th April 2021, 8:24 am

കായംകുളത്തെ യു.ഡി.എഫ്-എല്‍.ഡി.എഫ് സംഘര്‍ഷം; ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് കൂടി വെട്ടേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കായംകുളത്തുണ്ടായ യു.ഡി.എഫ്-സി.പി.ഐ.എം സംഘര്‍ഷത്തിന് പിന്നാലെ ഒരു യു.ഡി.എഫ് പ്രവര്‍ത്തകന് കൂടി വെട്ടേറ്റു. കായംകുളം പുതുപ്പള്ളി സ്വദേശി സുരേഷിനാണ് വെട്ടേറ്റത്.

കഴിഞ്ഞ ദിവസം പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് കായംകുളത്ത് സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഇതിന് പിന്നാലെ അര്‍ധരാത്രിയോടെയാണ് സുരേഷിന് വെട്ടേല്‍ക്കുന്നത്.

കൈക്ക് വെട്ടേറ്റ സുരേഷിനെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഫ്‌സല്‍, നൗഫല്‍ എന്നിവര്‍ക്കാണ് നേരത്തെ വെട്ടേറ്റത്. അഫ്‌സലിന് തലയ്ക്കാണ് വെട്ടേറ്റത്. തുടര്‍ന്ന് അഫ്‌സലിനെ വണ്ടാനം മെഡിക്കല്‍ കോളേജിലെക്ക് മാറ്റി.

ഇരുവരും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിലെത്തി പ്രവര്‍ത്തകരെ സന്ദര്‍ശിച്ചിരുന്നു.

ആലപ്പുഴയിലെ ഹരിപ്പാടും മറ്റു തീരദേശ മേഖലകളിലും രാവിലെ മുതല്‍ സംഘര്‍ഷമുണ്ടായിരുന്നു. എല്‍.ഡി.എഫ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു പ്രധാനമായും സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

രാജേഷ് കുട്ടന്റെ വീട്ടിലെത്തിയായിരുന്നു പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ആക്രമണം നടന്നത്. ഇതുകണ്ട് നിന്ന ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

കാസര്‍ഗോഡ് സി.പി.ഐ.എമ്മും യുവമോര്‍ച്ചയും തമ്മിലും സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു.
കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു സി.പി.ഐ.എം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UDF-LDF clash at Kayamkulam, one more congress worker got attacked

We use cookies to give you the best possible experience. Learn more