Pala Bypoll
പാലാ ഉപതെരഞ്ഞെടുപ്പ്: മണ്ഡലത്തിലെ തോമസ് ചാഴിക്കാടന്റെ ഭൂരിപക്ഷത്തില്‍ വിശ്വാസമര്‍പ്പിച്ച് യു.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 26, 03:17 am
Monday, 26th August 2019, 8:47 am

പാലായില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. മണ്ഡലം രൂപീകരിച്ചതിന് ശേഷം പാലാക്കാര്‍ക്കൊരു എം.എല്‍.എയെ ഉണ്ടായിരുന്നുള്ളൂ. സാക്ഷാല്‍ കെ.എം മാണി. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നിരിക്കുന്നത്.

കെ.എം മാണിയുടെ മരുമകളും ജോസ്. കെ മാണിയുടെ ഭാര്യയുമായ നിഷ ജോസ്.കെ മാണി, ജോസ്.കെ മാണി, മുതിര്‍ന്ന നേതാവ് ഇ.ജെ ആഗസ്തി എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ സജീവമായുള്ളത്. നിഷയ്ക്കാണ് സാധ്യതയേറെ. ജോസഫ് വിഭാഗവുമായി സമവായത്തിലെത്തിയാല്‍ ഉടനെ തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചേക്കും.

കഴിഞ്ഞ തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ മാണി.സി.കാപ്പന് തന്നെയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിത്വത്തിന് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരത്തിനിറങ്ങുമെന്ന് മാണി.സി.കാപ്പന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച തോമസ് ചാഴിക്കാടന്‍ പാലാ മണ്ഡലത്തില്‍ നിന്ന് നേടിയ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. 33,499 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ് നേടിയത്.

എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അന്തരീക്ഷം മാറുമെന്നാണ് എല്‍.ഡി.എഫ് നിലപാട്. പൂര്‍ണ്ണമായും നിയമസഭ മണ്ഡലത്തെ മുന്‍നിര്‍ത്തിയാണ് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടക്കുക എന്നും തെരഞ്ഞെടുപ്പ് അടുക്കും തോറും കഴിഞ്ഞ തവണത്തേത് പോലെ കടുത്ത മത്സരത്തിലേക്ക് മാറുമെന്ന് തന്നെയാണ് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നത്.