വടകര: പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ പ്രതിഷേധവുമായി യു.ഡി.എഫ്. വടകര യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സ്‌ഫോടനത്തിനെതിരെ പാനൂരില്‍ സമാധാന സന്ദേശ യാത്ര നടത്തി. പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കൊപ്പമുള്ള സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ ചിത്രം പുറത്തുവന്നതോടെ സി.പി.ഐ.എം സംഭവത്തില്‍ വെട്ടിലായിരിക്കുകയാണ്.
സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും ബോംബ് നിര്‍മാണം തടയാന്‍ പൊലീസ് എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് ചോദിച്ചു. ഭരണം കൈയ്യാളുന്നവരുടെ പിന്തുണ ഇല്ലാതെ ബോംബ് നിര്‍മാണം നടക്കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഇത്തരം നീക്കങ്ങളെ തടയാന്‍ കേരള പൊലീസിന് കഴിയില്ല എന്നുണ്ടോയെന്നും ഷാഫി മാധ്യമങ്ങളോട് ചോദിച്ചു.
തെരഞ്ഞെടുപ്പില്‍ ബോംബിന്റെ ആവശ്യം എന്താണ്. നിര്‍മിച്ചവരുടെ കയ്യില്‍ തന്നെയിരുന്ന് ബോംബുകള്‍ പൊട്ടിയില്ലായിരുന്നെങ്കില്‍ അവ ആരെ ലക്ഷ്യം വെച്ച് നിര്‍മിച്ചതായിരുന്നു. യു.ഡി.എഫിന്റെ പ്രവര്‍ത്തകര്‍ക്ക് നേരെ ഉപയോഗിക്കാന്‍ വേണ്ടിയുള്ളതായിരുന്നോ എന്ന് ഷാഫി പറമ്പില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ന്യായീകരിക്കാന്‍ കഴിയാത്ത സംഭവങ്ങളാണ് പാനൂരില്‍ നടന്നിരിക്കുന്നതെന്നും ഷാഫി പറഞ്ഞു.
എന്തിനാണ് ബോംബുകള്‍ സ്വയം പൊട്ടി ചെറുപ്പക്കാര്‍ മരിക്കാന്‍ ഇടയാക്കുന്ന സാഹചര്യമുണ്ടാക്കുന്നത്. നിങ്ങള്‍ പോസ്റ്ററുകളൂം തോരണങ്ങളും ഉണ്ടാക്കിക്കോളൂ, വേണമെങ്കില്‍ സി.പി.ഐ.എമ്മിന് തങ്ങളുടെ പോസ്റ്ററിലെ തലയും വെട്ടാം. പക്ഷെ വീണ്ടും തങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യമെന്നത് ആളുകളെ കൊല്ലാന്‍ വേണ്ടി ഈ തെരഞ്ഞെടുപ്പ് കാലത്ത് നിങ്ങള്‍ എന്തിനാണ് ബോംബ് ഉണ്ടാക്കുന്നത് എന്ന് ഷാഫി ചോദ്യമുയര്‍ത്തി.
ബോംബ് ഉണ്ടാക്കുന്നത് ബാങ്കില്‍ നിക്ഷേപിച്ച് പലിശ വാങ്ങാന്‍ വേണ്ടിയല്ലല്ലോയെന്നും എന്തിന് വേണ്ടിയാണ് സി.പി.ഐ.എം നേതൃത്വം ബോംബ് നിര്‍മിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും ഷാഫി ചോദ്യമുയര്‍ത്തി.
യു.ഡി.എഫ് പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്ന ഇടങ്ങളിലാണ് സ്‌ഫോടനം നടന്നിരിക്കുന്നതെന്നും ഷാഫി ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടെന്ന് വാദമുയര്‍ത്തുന്ന മണ്ഡലങ്ങളില്‍ ബോംബ് നിര്‍മിച്ചിട്ട് സി.പി.ഐ.എം എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും ഷാഫി ചോദിച്ചു.
ഷാഫി പറമ്പില്‍ നയിച്ച സമാധാന സന്ദേശ റാലിയില്‍ വടകര എം.എല്‍.എ കെ.കെ. രമ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ചര്‍ച്ചാ വിഷയമാകുമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കുന്നുണ്ട്.
അതിനുള്ള ഉത്തരമാണ് പാനൂരിലെ സ്‌ഫോടനമെന്ന് കെ.കെ. രാമ ചൂണ്ടിക്കാട്ടി. ടി.പി. വധക്കേസടക്കമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് ഇവിടുത്തെ അക്രമ സ്വഭാവമുള്ള നീക്കങ്ങള്‍ ഇല്ലാതാക്കി സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടിയാണെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.
Content Highlight: UDF held protest rally on Panur bomb blast