| Tuesday, 15th October 2024, 9:07 pm

വയനാട്ടില്‍ പ്രിയങ്ക, പാലക്കാട് രാഹുല്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട യു.ഡി.എഫ്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയും പാലക്കാട്-ചേലക്കര നിയമസഭാ മണ്ഡലങ്ങളില്‍ യഥാക്രമം രാഹുല്‍ മാങ്കൂട്ടത്തിലും രമ്യ ഹരിദാസും മത്സരിക്കും.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എം.പിയായിരുന്ന രാഹുല്‍ ഗാന്ധിയാണ് വയനാട് മണ്ഡലത്തില്‍ മത്സരിച്ചത്. അതോടൊപ്പം റായ്ബറേലി മണ്ഡലത്തിലും അദ്ദേഹം മത്സരിച്ചു. രണ്ട് മണ്ഡലങ്ങളിലും വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. ഈ ഒഴിവിലേക്കാണ് പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത്.

നിലവില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. ഇത് ആദ്യമായാണ് പ്രിയങ്ക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

മുന്‍ ആലത്തൂര്‍ എം.പിയായ രമ്യ ഹരിദാസാണ് ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ജനവിധി തേടുന്നത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചേലക്കര എം.എല്‍.എയായിരുന്ന ഇടതുമുന്നണിയുടെ കെ. രാധാകൃഷ്ണനോട് രമ്യ ഹരിദാസ് ആലത്തൂരില്‍ പരാജയപ്പെട്ടിരുന്നു. ചേലക്കരയിലെ ഈ ഒഴിവിലേക്കാണ് രമ്യ ഹരിദാസ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ ഒഴിവിലേക്കാണ് പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കുന്നത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് ഷാഫി പറമ്പില്‍ മത്സരിക്കുകയും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.

വയനാട്, ചേലക്കര, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ നവംബര്‍ 13നായിരിക്കും ഉപതെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 23ന് വോട്ടെണ്ണല്‍ നടക്കും.

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ തീയതിയും കമ്മീഷന്‍ പ്രഖ്യാപിച്ചു. നവംബര്‍ 20ന് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 13ന് ആദ്യഘട്ടവും നവംബര്‍ 20ന് രണ്ടാംഘട്ടവും നടക്കും. നവംബര്‍ 23ന് വോട്ടെണ്ണല്‍ നടക്കും.

Content Highlight: UDF has released the list of candidates for the by-election

We use cookies to give you the best possible experience. Learn more