പത്ത് ജില്ലകളിലെ 27 തദ്ദേശ ഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. 15 സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചപ്പോള്‍ 13 സീറ്റുകളാണ് എല്‍.ഡി.എഫ് നേടിയത്. ഒരു സീറ്റിലാണ് ബി.ജെ.പി വിജയിച്ചത്.
നേരത്തെ 27ല്‍ 11 സീറ്റാണ് യു.ഡി.എഫിനുണ്ടായിരുന്നത്. 15 സീറ്റ് ആണ് ഇക്കുറി യു.ഡി.എഫ് നേടിയത്. 13 സീറ്റ് ഉണ്ടായിരുന്ന എല്‍.ഡി.എഫിന് രണ്ട് സീറ്റുകള്‍ നഷ്ടപ്പെട്ട് 11 ആയി. സ്വതന്ത്രര്‍ വിജയിച്ചിരുന്ന 3 സീറ്റുകള്‍ ഇക്കുറി പാര്‍ട്ടികള്‍ പിടിച്ചെടുത്തു.
യു.ഡി.എഫ് നാല് എല്‍.ഡി.എഫ് വാര്‍ഡുകളും രണ്ട് സ്വതന്ത്രര്‍ ജയിച്ച വാര്‍ഡുകളും പിടിച്ചെടുത്തു. എല്‍.ഡി.എഫ് രണ്ട് യു.ഡി.എഫ് സീറ്റും ഒരു സ്വതന്ത്രന്റെ സീറ്റും പിടിച്ചെടുത്തു.
എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രമ്യ ഹരിദാസ്ബ്ലോക്ക് പഞ്ചായത്ത് അംഗ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നസീറാ ബായിയാണ് വിജയിച്ചത്. 905 വോട്ടുകളാണ് ഭൂരിപക്ഷം.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പൂവാട്ടുപറമ്പ് ഡിവിഷനിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നസീറാ ബായ് 4794 വോട്ട് നേടിയപ്പോള്‍ എല്‍.ഡി.എഫിന്റെ ദീപയ്ക്ക് 3889 വോട്ടാണ് ലഭിച്ചത്. ബി.ജെ.പിയുടെ കെ.ടി ജയയ്ക്ക് 995 വോട്ടാണ് ലഭിച്ചത്. സ്വതന്ത്ര 121 വോട്ടും നേടി.
രമ്യ ഹരിദാസിന് ലഭിച്ച ഭൂരിപക്ഷം 1536 വോട്ടായിരുന്നു. നേരത്തെ ബി.ജെ.പിക്ക് ലഭിച്ച വോട്ട് ഇത്തവണ ലഭിച്ചില്ല. 1654 വോട്ടുണ്ടായിരുന്നത് 995 വോട്ടായി കുറഞ്ഞു.
മറ്റൊരു എം.പിയായ വി.കെ ശ്രീകണ്ഠന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയിച്ചു. ഷൊര്‍ണൂര്‍ നഗരസഭയിലെ 17ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ആര്‍ പ്രവീണ്‍ വിജയിച്ചു. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സി. രാധാകൃഷ്ണനെയാണ് പരായപ്പെടുത്തിയത്.
കഴിഞ്ഞ 19 വര്‍ഷമായി കൗണ്‍സിലറായിരുന്നു വി.കെ ശ്രീകണ്ഠന്‍. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.