|

ബി.ജെ.പി കോന്നിയില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുന്നു; ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി യു.ഡിഎഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോന്നി:ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മതചിഹ്നങ്ങളുപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നാരോപിച്ച് യു.ഡി.എഫ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

പ്രചാരണ സമയം കഴിഞ്ഞും മണ്ഡലത്തിന് പുറത്തുനിന്നുള്ളവര്‍ കോന്നിയില്‍ തങ്ങുന്നുവെന്നും വീടുകള്‍ കയറി സ്വ്കാഡ് പ്രവര്‍ത്തനം നടത്തുന്നവെന്നും പരാതിയില്‍ പറയുന്നു.

എല്ലാ യു.ഡി.എഫ് നേതാക്കളും നിയമം പാലിച്ചു കൊണ്ട് ആറുമണിക്ക് ശേഷം നിയോജക മണ്ഡലം വിട്ടു പോയിരുന്നു. എന്നാല്‍ മറു ഭാഗത്ത് ഉള്ള ആളുകള്‍ വിട്ടു പോയില്ലെന്ന് മാത്രമല്ല, പുറത്തുനിന്നുള്ളവരെ കൊണ്ടു പാര്‍പ്പിക്കുകയും സ്‌ക്വാഡ് പ്രവര്‍ത്തനത്തിനിറങ്ങുകയും ചെയ്യുന്നുണ്ട്. ഇവര്‍ വീടുകളില്‍ കയറുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും യു.ഡി.എഫ് മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമ്പതോളം ആളുകള്‍ ചേര്‍ന്ന് ഈ സ്ഥലങ്ങളില്‍ തമ്പടിക്കുകയും ചെയ്യുന്നുണ്ട്. ഇത് രേഖാമൂലം എഴുതിക്കൊടുത്തിട്ടും നടപടിയെടുക്കുന്നില്ല. പൊലീസ് ഫോണെടുക്കുന്നില്ല, ഇവിടുന്ന് ഒരു നടപടിയുമുണ്ടാകുന്നില്ലെന്നും യു.ഡി.എഫ് ആരോപിച്ചു.

പരസ്യമായി തെരഞ്ഞെടുപ്പ് നിയമങ്ങളെ അട്ടിമറിക്കുകയും വെല്ലു വിളിക്കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്നും ഇത് ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ലെന്നും യുഡിഎഫ് പറഞ്ഞു.

എന്നാല്‍ മതചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനെതിരേ ബി.ജെ.പി തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നാളെയാണ് കോന്നി ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 24ന് വോട്ടെണ്ണും.