തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കൊവിഡ് വാക്‌സിന്‍ ആണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.
കൊവിഡിനെതിരായ വാക്‌സിന്‍ എല്ലാ വാര്‍ഡുകളിലും എത്തിക്കാന്‍ സംവിധാനമൊരുക്കുമെന്നതാണ് യു.ഡി.എഫിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന്. മഹാമാരിയായ കൊവിഡിനെതിരെ വാക്‌സിന്‍ ഇന്ത്യയില്‍ എത്തിയാല്‍ അത് അതിവേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ സൗകര്യം ഉണ്ടാവുമെന്നാണ് യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം ഇത്തവണ ഇല്ല.
അധികാര വികേന്ദ്രീകരണത്തെ എല്‍.ഡി.എഫ് ദുര്‍ബലപ്പെടുത്തിയെന്നും ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളെ ബുദ്ധിമുട്ടിച്ചുവെന്നും യു.ഡി.എഫ് പ്രകടന പത്രിയകയില്‍ ആരോപിക്കുന്നുണ്ട്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ കവര്‍ന്നെടുത്ത അധികാരങ്ങള്‍ ജനങ്ങള്‍ക്ക് തിരിച്ച് നല്‍കും. ‘പുനര്‍ജനിക്കുന്ന ഗ്രാമങ്ങള്‍ ഉണരുന്ന നഗരങ്ങള്‍’ എന്നതാണ് യു.ഡി.എഫിന്റെ മുദ്രാവാക്യമെന്നും പട്ടികജാതി പട്ടിക വര്‍ഗക്ഷേമം ഉറപ്പാക്കുമെന്നും യു.ഡി.എഫ് പ്രകടന പത്രികയില്‍ ചൂണ്ടിക്കാട്ടി.
നഗരസഭകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം ശക്തിപ്പെടുത്തും. സാമൂഹിക നീതിയും സ്ത്രീ ശാക്തീകരണവും പ്രകടന പതികയിലെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു.
എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും പ്രത്യേകം പ്രകടന പത്രികകളും പുറത്തിറക്കുമെന്ന് യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം
തദ്ദേശ സ്ഥാപനങ്ങളിലെ താല്കാലിക ജീവനക്കാരെ നിയമിക്കാനുള്ള അവകാശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്നും യു.ഡി.എഫ് പ്രകടനപത്രികയിലുണ്ട്.
കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി രൂപീകരിക്കുമെന്നും കാരുണ്യ പദ്ധതി പുനരുജ്ജീവിപ്പിക്കുകയും അനാഥരെ ദത്തെടുക്കുമെന്നും പ്രകടന പത്രികയിലുണ്ട്. അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതിയും യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു.
അതേസമയം നേരത്തെ കൊവിഡ് വാക്‌സിനെ രാഷ്ട്രീയായുധമാക്കിക്കൊണ്ട് ബീഹാറില്‍ ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രിക വലിയ വിവാദമായിരുന്നു.
തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നായിരുന്നു പ്രകടന പത്രികയില്‍ ബി.ജെ.പി വാഗ്ദാനം ചെയ്തത്.
അന്ന് ബി.ജെ.പിയുടെ ഈ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. കൊവിഡ് വാക്‌സിന്‍ ഒരു ജീവന്‍ രക്ഷാ മാര്‍ഗമായി കാണുന്നതിന് പകരം തെരഞ്ഞെടുപ്പ് ഉപകരണമായി കരുതുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും ബിജെപിയെന്നായിരുന്നു അന്ന് കോണ്‍ഗ്രസ് പ്രതികരിച്ചത്.
കൊറോണ വൈറസ് വാക്‌സിന്‍ രാജ്യത്തിന്റേതാണെന്നും ബി.ജെ.പിയുടേതല്ല എന്നുമായിരുന്നു ആര്‍.ജെ.ഡിയുടെ പ്രതികരണം. രോഗവും മരണവും ഉണ്ടാക്കുന്ന ഭയം വില്‍ക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് വാക്‌സിനില്‍ രാഷ്ട്രീയം കളിച്ചതോടെ മനസ്സിലായെന്നും ആര്‍.ജെ.ഡി പറഞ്ഞിരുന്നു. ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭിക്കില്ലേ എന്നായിരുന്നു ആം ആദ്മി പാര്‍ട്ടി ചോദിച്ചത്.
എന്നാല്‍ വിഷയം വിവാദമായതോടെ തിരുത്തുമായി ബി.ജെ.പിക്ക് രംഗത്തെത്തേണ്ടി വന്നു. ബീഹാറിലെ ജനങ്ങള്‍ക്ക് മാത്രമല്ല ഇന്ത്യയിലെ ഓരോ പൗരനു വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്നായിരുന്നു ബി.ജെ.പി പിന്നീട് പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക