തിരുവനന്തപുരം: സുപ്രീം കോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിധി പ്രമേയമാക്കി തയ്യാറാക്കിയ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കി കോണ്‍ഗ്രസ്. തിങ്കളാഴ്ച വൈകിട്ടായിരുന്നു കോണ്‍ഗ്രസ് ശബരിമല വിഷയത്തില്‍ സ്ത്രീവിരുദ്ധതയും വിദ്വേഷവും പ്രമേയമാക്കിയ വീഡിയോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്നത്.
വിശ്വാസ സംരക്ഷണത്തിന് നിയമ നിര്‍മ്മാണം യു.ഡി.എഫിന്റെ വാക്ക് എന്ന ടാഗ് ലൈനിലായിരുന്നു കോണ്‍ഗ്രസ് പരസ്യം പങ്കുവെച്ചത്. മണ്ഡലവും മണ്ഡലകാലവും മറക്കരുത് എന്ന് പറഞ്ഞ് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ശബരിമല വിഷയം വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി വര്‍ഗീയത വളര്‍ത്തുന്ന കോണ്‍ഗ്രസിന്റെ നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെയും വലിയ വിമര്‍ശനമാണ് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് വീഡിയോ നീക്കം ചെയ്തത് എന്നാണ് സൂചന.
ശബരിമല വിവാദം വീണ്ടും ഉയര്‍ത്തുന്ന വിധത്തിലുള്ള കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ബി.ജെ.പി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ ശബരിമല ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നത് ശബരിമല വിഷയം ചര്‍ച്ചയാക്കാനാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് പറഞ്ഞിരുന്നു. ശബരിമല ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിഷയമാണ്. കൂടാതെ ശബരിമല വിഷയം നടന്ന സമയത്ത് അവിടെ നടന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ് സുരേന്ദ്രന്‍.ഇതുമായി ബന്ധപ്പെട്ട് ഒരു മാസത്തിലേറെ ജയിലില്‍ കിടന്ന നേതാവ് കൂടിയാണ് സുരേന്ദ്രന്‍.
അതുകൊണ്ടാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നെത് എന്നായിരുന്നു പി.കെ. കൃഷ്ണദാസ് പറഞ്ഞു. ശബരിമല വിഷയം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്ന അതേരീതിയില്‍ തന്നെ കോണ്‍ഗ്രസും വിദ്വേഷ പ്രചാരണവുമായി നീങ്ങുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം വീഡിയോയെക്കുറിച്ച് അറിയില്ലെന്ന് കെ.പി.സി വൃത്തങ്ങള്‍ അറിയിച്ചു.