പി. സി ജോര്‍ജിന്റെ മുന്നണി പ്രവേശം ചര്‍ച്ച ചെയ്യാതെ യു.ഡി.എഫ് യോഗം; ഊഴം കാത്ത് ജോര്‍ജ്; കേരള യാത്രയുമായി യു.ഡി.എഫ്
Kerala News
പി. സി ജോര്‍ജിന്റെ മുന്നണി പ്രവേശം ചര്‍ച്ച ചെയ്യാതെ യു.ഡി.എഫ് യോഗം; ഊഴം കാത്ത് ജോര്‍ജ്; കേരള യാത്രയുമായി യു.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th January 2021, 7:29 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചയാകാതെ പി.സി ജോര്‍ജിന്റെ മുന്നണി പ്രവേശം. മുന്നണി വിപുലീകരിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് നേതൃത്വം അറിയിച്ചത്.

കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് പക്ഷം പി. സി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. പി.സി ജോര്‍ജിനെ സ്വതന്ത്രനായി മത്സരിപ്പിക്കാമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.

പാലായില്‍ യു.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും നേതൃത്വം ക്ഷണിച്ചിട്ടുണ്ടെന്നും ജനപക്ഷം നേതാവ് പി.സി ജോര്‍ജ് അറിയിച്ചിരുന്നു.

വിവാദങ്ങള്‍ക്കിടെ ചേര്‍ന്ന യോഗത്തില്‍ പി. സി ജോര്‍ജിന്റെ മുന്നണി പ്രവേശം സംബന്ധിച്ച് ചര്‍ച്ചയുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം മത വിഭാഗങ്ങളുടെയും സാമുദായിക നേതാക്കളുടെയും ആശങ്ക പരിഹരിക്കുമെന്നും അതിനായി ക്രമീകരണം ഉണ്ടാവുമെന്നും പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും യു.ഡി.എഫ് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള യാത്ര നടത്താനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്ന് മുതല്‍ 22 വരെയാണ് യാത്ര. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയില്‍ വി.ഡി സതീശന്‍ ആയിരിക്കും ജാഥ കണ്‍വീനര്‍.

തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ ജില്ലകളില്‍ യു.ഡി.എഫ് കോര്‍ഡിനേറ്റര്‍മാരെ വെക്കുമെന്നും പ്രകടന പത്രികയില്‍ അടക്കം മാറ്റം വരുത്തുമെന്നും യു.ഡി.എഫ് യോഗത്തില്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UDF didn’t made discussion of entry of PC George