| Friday, 1st November 2024, 3:54 pm

'ആ മുതിര്‍ന്ന നേതാവ് ഞാനല്ല'; മുരളീധരന്റെ പരാമര്‍ശത്തില്‍ എം.എം. ഹസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ. മുരളീധരന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍. വെളിപ്പെടുത്തല്‍ പരാമര്‍ശത്തിലെ മുതിര്‍ന്ന നേതാവ് താനെല്ലെന്നാണ് ഹസന്‍ പറഞ്ഞത്.

എല്ലാ തെരഞ്ഞെടുപ്പിലും മുരളീധരന്‍ മത്സരിക്കുന്നത് ശരിയല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഹസന്‍ പറഞ്ഞു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ തന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് അപമാനിച്ചുവെന്ന മുരളീധരന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് എം.എം. ഹസന്റെ പ്രതികരണം.

അപമാനിച്ച മുതിര്‍ന്ന നേതാവ് ആരെന്ന് മുരളീധരന്‍ തന്നെ പറയട്ടെയെന്നും എം.എം. ഹസന്‍ പ്രതികരിച്ചു.

‘എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്ന നീക്കം അങ്ങേര്‍ക്ക് നിര്‍ത്തിക്കൂടെ,’ എന്നാണ് മുതിര്‍ന്ന നേതാവ് പറഞ്ഞതെന്നാണ് കെ. മുരളീധരന്‍ വെളിപ്പെടുത്തിയത്.

തന്നെ വടകരയില്‍ നിന്ന് തൃശൂരിലേക്ക് മാറ്റാന്‍ മുന്‍നിരയില്‍ നിന്ന നേതാവാണ് അപമാനിച്ചതെന്നും കെ. മുരളീധരന്‍ പറഞ്ഞിരുന്നു. പാലക്കാട് മത്സരിക്കുന്നോയെന്ന് തന്നോട് ആരും ചോദിച്ചിട്ടില്ലെന്നും ചോദിച്ചാലും മത്സരിക്കില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അവസാനഘട്ടത്തില്‍ ഒരു നേതാവ് വിളിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ച് ചോദിച്ചു. ‘മുരളിയുടെ പേരുണ്ട്, പക്ഷെ മത്സരിക്കേണ്ട എന്നാണ് അഭിപ്രായം’ എന്ന് ആ നേതാവ് പറഞ്ഞതെന്നും കെ. മുരളീധരന്‍ പറഞ്ഞു.

പാലക്കാട് ഡി.സി.സി തന്നെ സ്ഥാനാര്‍ത്ഥിയായി ആഗ്രഹിച്ചിരുന്നുവെന്നും പക്ഷെ മുതിര്‍ന്ന നേതാവിന്റെ പ്രതികരണം അറിഞ്ഞപ്പോള്‍ നിങ്ങള്‍ തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചോളൂ എന്ന് താന്‍ പറഞ്ഞുവെന്നുമാണ് കെ. മുരളീധരന്‍ പറഞ്ഞത്.

അതേസമയം കെ. മുരളീധരന്റെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. നേരത്തെ കെ. മുരളീധരന്റെ മനസില്‍ വലിയ ഒരു ആധിയുണ്ടെന്നും അത് തങ്ങള്‍ പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

നിലവില്‍ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായതോടെ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും വിശ്രമം വേണമെന്നും 2029 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മുരളീധരന്‍ പ്രതികരിച്ചു.

Content Highlight: UDF convener MM Hasan reacting to K. Muralidharan’s revelation 

We use cookies to give you the best possible experience. Learn more