തിരുവനന്തപുരം: പാനൂരിലെ ബോംബ് നിര്‍മാണം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍. ബോംബ് നിര്‍മാണത്തിന് സി.പി.ഐ.എം ഫണ്ട് ചെയ്യുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും എം.എം. ഹസന്‍ പറഞ്ഞു. മീഡിയ വണ്‍ ‘നേതാവ്’ എന്ന പരിപാടിയില്‍ ആയിരുന്നു എം.എം. ഹസന്റെ പ്രതികരണം.
ബോംബ് നിര്‍മിക്കുന്നതിനായി സി.പി.ഐ.എം പ്രത്യേകം ആളുകളെ നിയമിക്കുകയാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നോട്ടം മുഴുവന്‍ കേരളത്തിലെ വോട്ടുബാങ്കില്‍ ആണെന്നും എം.എം ഹസന്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാടില്‍ നിന്ന് യു.ഡി.എഫ് പിന്നോട്ടില്ലെന്നും കരിനിയമങ്ങള്‍ ഇല്ലാതാക്കുമെന്ന് പ്രകടന പത്രികയില്‍ ഉണ്ടെന്നും എം.എം. ഹസന്‍ വ്യക്തമാക്കി.
സി.പി.ഐ.എമ്മിനെ സംബന്ധിച്ചിടത്തോളം സി.എ.എ റദ്ദാക്കണമെന്ന ലക്ഷ്യം മാത്രമുള്ളു. എന്നാല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങളില്‍ ഏക സിവില്‍കോഡ്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരിക നല്‍കണം തുടങ്ങിയവ ഉള്‍പ്പെടുന്നു. അതിനാലാണ് കരിനിയമങ്ങളെന്ന് പത്രികയില്‍ ചേര്‍ത്തിരിക്കുന്നതെന്നും ഹസന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് പലയിടങ്ങളായി കോണ്‍ഗ്രസിനകത്തുള്ള തര്‍ക്കങ്ങള്‍ നേതൃത്വം പരിഹരിച്ചുവെന്നും ഏത് രീതിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും എം.എം ഹസന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനുപുറമെ കോട്ടയത്തെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ തര്‍ക്കത്തില്‍ ഇടപെടില്ലെന്നും യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് വിട്ട് മറ്റുപാര്‍ട്ടിയിലേക്ക് പോയവര്‍ക്ക് ജനപിന്തുണയില്ലെന്നും വിവിധ സാമുദായിക വിഭാഗങ്ങള്‍ യു.ഡി.എഫിലേക്ക് തിരിച്ചുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: UDF convener MM Hasan against Chief Minister Pinarayi Vijan