| Monday, 15th March 2021, 12:52 pm

ലതിക സുഭാഷിന്റെ കാലില്‍ വീണ് നമസ്‌ക്കരിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി, വൈകിപ്പോയി ക്ഷമിക്കണമെന്ന് ലതികയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ലതിക സുഭാഷിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോട്ടയത്തെ യു.ഡി.എഫ് നേതാക്കളും ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസും ലതിക സുഭാഷിന്റെ വീട്ടിലെത്തി.

വീട്ടിലെത്തിയ പ്രിന്‍സ് ലൂക്കോസ് ലതിക സുഭാഷിന്റെ കാല്‍ തൊട്ട് നമസ്‌കരിച്ചാണ് വീടിനകത്തേക്ക് കയറിയത്. തുടര്‍ന്ന് യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് പറഞ്ഞു. എന്നാല്‍ ഏറെ വൈകിപ്പോയെന്നായിരുന്നു ലതികയുടെ മറുപടി.

‘പ്രിന്‍സിനോട് എനിക്ക് എതിര്‍പ്പൊന്നുമില്ല. എന്റെ സഹോദരനായാണ് കാണുന്നത്. പക്ഷെ യു.ഡി.എഫില്‍ നിന്നും നേരിട്ട അവഗണനയുടെ പരിണിത ഫലമായാണ് ഇപ്പോള്‍ ഞാന്‍ മുന്നോട് പോകുന്നത്. എന്നോട് ക്ഷമിക്കണം’, എന്നായിരുന്നു ലതിക സുഭാഷ് പറഞ്ഞത്.

പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കാര്യങ്ങള്‍ വൈകിട്ട് തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് സീറ്റ് തന്നാലും ഇനി മത്സരിക്കില്ലെന്ന് ലതിക സുഭാഷ് വ്യക്തമാക്കിയിരുന്നു. ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസുമായി അനുനയ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് ലതിക സുഭാഷ് വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജിവെക്കുമെന്നും ലതിക സുഭാഷ് അറിയിച്ചിട്ടുണ്ട്.

തനിക്ക് സീറ്റ് നിഷേധിച്ചത് ആരാണെന്ന് അറിയില്ല. എന്താണ് ഭാവി പരിപാടി എന്നത് സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനം എടുക്കും. ഇനി കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റ് തന്നാല്‍ ഇത്തവണ മത്സരിക്കില്ല. കെ.പി.സി.സി പ്രസിഡന്റിനെ വിളിച്ചിട്ട് ഫോണ്‍ പോലും എടുത്തില്ലെന്നും ലതിക സുഭാഷ് അറിയിച്ചു.

ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂര്‍ ഇല്ലെങ്കില്‍ വൈപ്പിനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു, എന്നാല്‍ അതും നടന്നില്ല. ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരില്‍ ജയിക്കാനാകും എന്നാണ് വിശ്വാസം. ഏറ്റുമാനൂരില്‍ മുന്‍പും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ജയിച്ചിട്ടുണ്ടെന്നും ലതിക സുഭാഷ് പ്രതികരിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ സ്ത്രീകളെ അവഗണിച്ചത് ചൂണ്ടിക്കാണിച്ച് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരായ വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി രേഖപ്പെടുത്തിയ ശേഷമായിരുന്നു ലതികാ സുഭാഷ് രാജിവെച്ചത്.

മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷന്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക കേള്‍ക്കുകയായിരുന്നു. ഒരു വനിത എന്ന നിലയില്‍ ഏറെ ദുഃഖമുണ്ട്. ഇത്തവണ മഹിളാ കോണ്‍ഗ്രസ് 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20 ശതമാനം ലഭിച്ചില്ലെങ്കിലും ഒരു ജില്ലയില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ 14 പേര്‍ എങ്കിലും നിര്‍ത്താമായിരുന്നു.

നിരവധി സ്ത്രീകള്‍ കാലങ്ങളായി മഹിളാ കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കുന്നുണ്ട്. മഹിളാ കോണ്‍ഗ്രസ് മുന്‍ സെക്രട്ടറി രമണി പി നായരുള്‍പ്പെടെയുള്ളവര്‍ തഴയപ്പെട്ടിട്ടുണ്ട്. അന്‍സജിതയുടെ പേര് വന്നതില്‍ സന്തോഷമുണ്ടെന്നും ലതിക സുഭാഷ് പറഞ്ഞു.

ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ മത്സരിക്കാനായി ലതികാ സുഭാഷിന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ ലതിക സുഭാഷ് ഉമ്മന്‍ ചാണ്ടിയോട് എതിര്‍പ്പ് അറിയിച്ചിരുന്നു.

എന്നാല്‍ തനിക്ക് ജയസാധ്യത ഉണ്ടായിരുന്ന മണ്ഡലത്തില്‍ നീക്കുപോക്ക് ആകാമായിരുന്നുവെന്ന് ലതിക സുഭാഷ് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക വന്ന ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ലതികാ സുഭാഷ് നേരത്തെ അറിയിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധിച്ചാണ് മഹിള കോണ്‍ഗ്രസ് അധ്യക്ഷ പദവി ലതിക സുഭാഷ് രാജിവെച്ചത്.

കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു ഇവര്‍. ഇതാദ്യമായാണ് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ ഒരാള്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നത്.

വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കെ.പി.സി.സി ഓഫീസ് പരിസരം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഒരു സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ ആരെങ്കിലും തല മുണ്ഡനം ചെയ്യുമോയെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. സീറ്റ് നിഷേധിച്ചതിന്റെ പേരിലല്ല തലമുണ്ഡനം ചെയ്തതെന്നും അതിന് മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാകാമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UDF Candidate Visit To Lathika Subhash Home

We use cookies to give you the best possible experience. Learn more