| Wednesday, 3rd April 2024, 5:17 pm

തിരുവനന്തപുരത്ത് മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍; ത്രികോണ മത്സരമെന്നൊക്കെ പറയുന്നത് വെറുതേ: ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍.

തിരുവനന്തപുരത്ത് ത്രികോണ മത്സരമാണ് നടക്കാന്‍ പോകുന്നതെന്ന് പറയുമെങ്കിലും സ്ഥിതി അങ്ങനെയല്ലെന്നും തരൂര്‍ പറഞ്ഞു. ഇത്തവണയും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ ഫലം തന്നെയാകും ഉണ്ടാവുകയെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

എസ്.ഡി.പി.ഐ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ കുറിച്ചും തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രമല്ല എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ചതെന്നും മറ്റ് കാര്യങ്ങള്‍ യു.ഡി.എഫ് നേതൃത്വം വിശദീകരിക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുന്നില്ലെന്നും യു.ഡി.എഫിന് പിന്തുണ നല്‍കുമെന്നും എസ്.ഡി.പി.ഐ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞിരുന്നു.

ബി.ജെ.പി വിരുദ്ധ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടി എന്നതാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കാനുള്ള കാരണം. ജാതി സെന്‍സസ് നടപ്പാക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും എസ്.ഡി.പി.ഐ വ്യക്തമാക്കിയിരുന്നു.

എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് ആശയക്കുഴപ്പത്തിലായി. പിന്തുണ സ്വീകരിക്കണമോ വേണ്ടയോ എന്നതില്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിലവില്‍ ചര്‍ച്ച തുടരുകയാണ്.

Content Highlight: UDF candidate Shashi Tharoor says that the contest is between Congress and BJP in Thiruvananthapuram

We use cookies to give you the best possible experience. Learn more