| Friday, 13th November 2015, 9:03 am

യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സ്ത്രീയെ മര്‍ദ്ദിച്ച് മുടിമുറിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫോട്ടോ കടപ്പാട്: മാതൃഭൂമി

നെയ്യാറ്റിന്‍കര: തദ്ദേശതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സ്ത്രീയെ വഴിയില്‍ തടഞ്ഞു മുടിമുറിച്ചതായി പരാതി.

പെരുങ്കടവിള ബ്ലോക്കിലെ കൊല്ലയില്‍ ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എല്‍. സതികുമാരിയെ രണ്ടുപേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചശേഷം തലമുടി മുറിച്ചെന്നാണ് പരാതി. എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ വനിതാ വിഭാഗം പ്രസിഡന്റ് കൂടിയാണ് സതികുമാരി.

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അമരവിള നീറകത്തല ക്ഷേത്രത്തിന് സമീപത്തെ വഴിയിലൂടെ വീട്ടിലേക്കു പോകുകയായിരുന്ന സതികുമാരിയെ രണ്ടംഗസംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും മുടി മുറിക്കുകയും ചെയ്‌തെന്നാണ് പരാതി. കഴുത്തിനും തലയ്ക്കും പരുക്കേറ്റ സതികുമാരി പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരത്ത് പോയശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് സതികുമാരി പാറശ്ശാല പോലീസില്‍ മൊഴി നല്‍കി. രണ്ടുപേര്‍ ചേര്‍ന്ന് വാപൊത്തിപ്പിടിച്ചശേഷം കത്തി കൊണ്ട് മുടി മുറിക്കുകയായിരുന്നു. ബഹളം വെച്ചപ്പോള്‍ ഇവര്‍ ഓടിപ്പോയതായും സതികുമാരി പരാതിയില്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പില്‍ സതികുമാരി തോറ്റിരുന്നു. എതിര്‍ പാര്‍ട്ടിക്കാരാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ ആരോപിച്ചു.

We use cookies to give you the best possible experience. Learn more