|

'ഭര്‍ത്താവിനും അമ്മായിഅമ്മയ്ക്കും മക്കള്‍ക്കും വേണ്ടാത്ത സ്ത്രീകളെയാണ് ശബരിമലയില്‍ കയറ്റിയത്'; പ്രചരണവിഷയം വ്യക്തമാക്കി കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: വീട്ടില്‍പ്പോലും കയറ്റാത്ത സ്ത്രീകളെയാണ് സര്‍ക്കാര്‍ ശബരിമലയില്‍ കയറ്റിയതെന്ന് കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജ്. ശബരിമലയിലെ വിശ്വാസത്തെ ഇടതുസര്‍ക്കാര്‍ തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു.

‘നവോത്ഥാനമെന്ന പേരിട്ടുകൊണ്ട്, വീട്ടില്‍പ്പോലും കയറ്റാത്ത, ഭര്‍ത്താവിനും അമ്മായി അമ്മയ്ക്കും മക്കള്‍ക്കും വേണ്ടാത്ത സ്ത്രീകളെ ഒരു ഐ.ജിയുടെ നേതൃത്വത്തില്‍ നാനൂറിലേറെ പൊലീസുകാരുടെ അകമ്പടിയോടെ ശബരിമലയിലെത്തിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്.

ഈ സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടാകുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കൈക്കൊണ്ട നീചമായ പ്രവൃത്തി സുവര്‍ണാവസരമായിട്ടാണ് ബി.ജെ.പി കരുതിയത്. പാര്‍ട്ടി ഫോറത്തില്‍ ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞതു പുറത്തുവന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമലയിലെ വിശ്വാസവും സമാധാനാന്തരീക്ഷവും തകര്‍ക്കാനാണ് സി.പി.ഐ.എമ്മും ബി.ജെ.പിയും ശ്രമിച്ചതെന്ന് വിശ്വാസി സമൂഹം തിരിച്ചറിയണം.’- അദ്ദേഹം പറഞ്ഞു.

കോന്നി ഉപതെരഞ്ഞെടുപ്പിലും ശബരിമല വിഷയം പ്രചാരണ വിഷയമാവുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ 3000 ല്‍ താഴെ വോട്ടിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം 440 മാത്രമായിരുന്നു.