രാജ്യസഭയിലേക്കുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥി; ഹാരിസ് ബീരാന്‍ നാമനിര്‍ദേശ പത്രിക നല്‍കി
Kerala News
രാജ്യസഭയിലേക്കുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥി; ഹാരിസ് ബീരാന്‍ നാമനിര്‍ദേശ പത്രിക നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2024, 3:45 pm

ന്യൂദല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശ പത്രിക സമപ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സുപ്രീം കോടതി അഭിഭാഷകനും മുസ്‌ലിം ലീഗ് നേതാവുമായ ഹാരിസ് ബീരാനാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടിക്കുമൊപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.

രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ യു.ഡി.എഫ് മുന്നണിയില്‍ നിരവധി തര്‍ക്കങ്ങളും വിവാദങ്ങളും നിലനിന്നിരുന്നു. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ രാജ്യസഭാ സീറ്റ് യൂത്ത് ലീഗിന് നല്‍കുമെന്നായിരുന്നു നേതൃത്വത്തിന്റെ ആദ്യ തീരുമാനം.

എന്നാല്‍ ഇതിനുപിന്നാലെയാണ് രാജ്യസഭാ സീറ്റ് ഹാരിസ് ബീരാന് നല്‍കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ തീരുമാനിച്ചത്. ഈ തീരുമാനത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

സജീവ രാഷ്ട്രീയത്തില്‍ മുഖം കാണിക്കാത്ത ഒരു വ്യക്തിയെ പരിഗണിക്കുന്നതിലാണ് ലീഗ് നേതാക്കള്‍ വിയോജിപ്പ് അറിയിച്ചത്. തീരുമാനത്തില്‍ യൂത്ത് ലീഗും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ബീരാന്റെ മകനാണ് ഹാരിസ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതിയില്‍ ഏകോപിപ്പിച്ച് നടത്തുന്ന അഭിഭാഷകന്‍ എന്ന നിലയിലാണ് ഹാരിസ് ലീഗിലെ ബന്ധം ദൃഢമാക്കുന്നത്. ദല്‍ഹി കെ.എം.സി.സിയുടെ അധ്യക്ഷനായും ഹാരിസ് ബീരാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഒഴിവ് വരുന്ന രണ്ട് രാജ്യസഭ സീറ്റുകളിലേക്ക് എല്‍.ഡി.എഫും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. സി.പി.ഐയില്‍ നിന്ന് പി.പി. സുനീറും, കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്ന് ജോസ് കെ. മാണിയുമായിരിക്കും സ്ഥാനാര്‍ത്ഥികളാകുക.

അതേസമയം സീറ്റ് ലഭിക്കാത്തതില്‍ മുന്നണി യോഗത്തില്‍ ആര്‍.ജെ.ഡി പ്രതിഷേധം അറിയിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍.ജെ.ഡിയും രാജ്യസഭ സീറ്റ് ആവശ്യപ്പെട്ടിരുന്നു.

Content Highlight: UDF candidate Harris Biran has filed nomination papers for Rajya Sabha