'ഇടതുപക്ഷം പറയുന്നത് സാങ്കേതികത്വം, ഞങ്ങളുടേത് മനുഷ്യത്വം'; സതിയമ്മയെ ചാണ്ടി ഉമ്മന്‍ സന്ദര്‍ശിച്ചു
Kerala News
'ഇടതുപക്ഷം പറയുന്നത് സാങ്കേതികത്വം, ഞങ്ങളുടേത് മനുഷ്യത്വം'; സതിയമ്മയെ ചാണ്ടി ഉമ്മന്‍ സന്ദര്‍ശിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd August 2023, 8:50 am

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന്റെ പേരില്‍ താല്‍കാലിക ജീവനക്കാരിക്കെതിരെ നടപടിയെടുത്തെന്ന ആരോപണത്തില്‍ ഉറച്ചുനിന്ന് പ്രതിപക്ഷം. ജോലി നഷ്ടപ്പെട്ട സതിയമ്മയെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ സന്ദര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിയെ സ്‌നേഹിക്കുന്നവരെ വേട്ടയാടുന്നത് ശരിയല്ലെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

മറ്റൊരാള്‍ക്ക് പകരമാണ് ജോലി ചെയ്തതെന്ന് പറയുന്നത് സാങ്കേതികത്വമാണെന്നും കുടുംബശ്രീയില്‍ ഇത്തരം ജോലികളില്‍ അങ്ങനെ ചെയ്യാറുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു.

സതിയമ്മ തലേദിവസം വരെ ജോലി ചെയ്തയാളാണ്. ഇടതുപക്ഷം പറയുന്നത് സാങ്കേതികത്വമാണെങ്കില്‍ തങ്ങള്‍ പറയുന്നത് മനുഷ്യത്വമാണെന്നുംപ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

‘അവരെ പിരിച്ചുവിട്ടു എന്നത് സത്യമല്ലേ. ഉമ്മന്‍ ചാണ്ടി അവരുടെ കുടുംബത്തിന് ചെയ്ത കാര്യം പറഞ്ഞത് അറിഞ്ഞതോടെയാണ് അവരെ പിരിച്ചുവിട്ടത്. പിന്നയെങ്ങനെയാണ് രാഷ്ട്രീയ ഗൂഢാലോചന, മാധ്യമ സൃഷ്ടി എന്നൊക്കെ പറയുന്നത്. സതിയമ്മ ഇന്നലെ വരെ അവിടെ ജോലി ചെയ്തിരുന്നു. അവര്‍ക്ക് 8,000 രൂപ അവിടെ നിന്ന് വരുമാനം കിട്ടിയിരുന്നു. ഇന്ന് മുതല്‍ അവര്‍ക്ക് ജോലിയില്ല. അതെങ്ങനെ ഗൂഢാലോചനയാകും.

അവര്‍ പറയുന്നത് സാങ്കേതികത്വമാണ്. ഞങ്ങള്‍ പറയുന്നത് മനുഷ്യത്വമാണ്. സാങ്കേതികത്വമാണോ മനുഷ്യത്വമാണോ ഏറ്റവും പ്രധാനമെന്നതാണ് ഞങ്ങള്‍ നോക്കുന്നത്. ഉമ്മന്‍ ചാണ്ടിയായിരുന്നെങ്കില്‍ മനുഷ്യത്വത്തിന് പ്രധാന്യം നല്‍കും, സാങ്കേതികത്വം മാറ്റിവെക്കും,’ വി.ഡി. സതീശന്‍ പറഞ്ഞു.

ആള്‍മാറാട്ടം നടത്തിയത് കണ്ടെത്തിയതിനാണ് മൃഗസംരക്ഷണ വകുപ്പ് താല്‍കാലിക ജീവനക്കാരിയായ സതിയമ്മക്കെതിരെ നടപടിയെടുത്തതെന്നാണ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞത്. ഇല്ലാത്ത ജോലിയാണ് സതിയമ്മ ചെയ്തത്. ജിജിമോളെന്നയാളുടെ പേരിലുള്ള ജോലിയും ആ അക്കൗണ്ടിലേക്ക് വരുന്ന പണവുമാണ് സതിയമ്മ കൈപറ്റിയിരുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

ഐശ്വര്യ കുടുംബശ്രീ വഴി ആറ് മാസത്തേക്കായിരുന്നു ജിജിമോളുടെ നിയമനം. എന്നാല്‍ ജിജിമോളല്ല താല്‍കാലിക ജീവനക്കാരിയായി ജോലി ചെയ്യുന്നതെന്ന് ഒരാഴ്ചയ്ക്ക് മുന്‍പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി ലഭിച്ചുവെന്നും ഇതിന്‍മേലുള്ള അന്വേഷണത്തിലാണ് നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേക്കുറിച്ച് ടെലിവിഷന്‍ ചാനലിനോട് നല്ലത് പറഞ്ഞതിന് കൈതേപ്പാലം മൃഗാശുപത്രിയിലെ താല്‍ക്കാലിക സ്വീപ്പര്‍ ജീവനക്കാരിയായ തന്നെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയെന്നായിരുന്നു കഴിഞ്ഞ ദിവസം
സതിയമ്മ ആരോപിച്ചിരുന്നത്. എന്നാല്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ലക്ഷ്യവെച്ചുള്ള വാര്‍ത്തയാണിതെന്നാണ് സി.പി.ഐ.എമ്മിന്റെ പ്രതികരണം.

Content Highlight: UDF candidate for the Pudupally by-election, Chandy Oommen, visited Sathiamma, who lost her Job