| Monday, 11th January 2021, 9:05 pm

തൊടുപുഴ നഗരസഭയില്‍ യു.ഡി.എഫ്-ബി.ജെ.പി പരസ്യ കൂട്ടുകെട്ട്; അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തൊടുപുഴ നഗരസഭയില്‍ യു.ഡി.എഫ്-ബി.ജെ.പി പരസ്യ കൂട്ടുകെട്ട്. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും പരസ്പരം വോട്ട് ചെയ്തതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ നഗരസഭ ഭരിക്കുന്ന എല്‍.ഡി.എഫ് പരാജയപ്പെട്ടു.

തൊടുപുഴയില്‍ മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ യു.ഡി.എഫിനും രണ്ടെണ്ണം ബി.ജെ.പിക്കും ലഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ടുകെട്ട് യു.ഡി.എഫും ബി.ജെ.പിയും തുടരുന്നുവെന്നാണ് സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം പറഞ്ഞത്.

അതേസമയം എല്‍.ഡി.എഫ് ഭരിക്കുന്ന പത്തനംതിട്ട നഗരസഭയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം എസ്.ഡി.പി.ഐക്ക് ലഭിക്കും.

അഞ്ചംഗ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ എസ്.ഡി.പി.ഐയില്‍ നിന്ന് മൂന്ന് പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫില്‍ നിന്നും ഒരോ അംഗങ്ങളെ വീതമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

15ാം തീയതി നടക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കുക എസ്.ഡി.പി.ഐക്കാവും. ഈ സാഹചര്യത്തിലാണ് അധ്യക്ഷസ്ഥാനം എസ്.ഡി.പി.ഐക്ക് ലഭിക്കുമെന്ന് ഉറപ്പായിരിക്കുന്നത്.

13 അംഗങ്ങള്‍ വീതം എല്‍.ഡി.എഫിനും യു.ഡി.എഫിനും ഉണ്ടായിരുന്ന നഗര സഭയില്‍ മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടു കൂടിയാണ് എല്‍.ഡി.എഫ് നഗരസഭ പിടിച്ചെടുത്തത്. എസ്.ഡി.പി.ഐക്ക് മൂന്ന് അംഗങ്ങളാണ് പത്തനംതിട്ട നഗരസഭയില്‍ ഉള്ളത്.

നേരത്തെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫ്-ട്വന്റി ട്വന്റി ധാരണയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫ് 6, യു.ഡി.എഫ്-5, ട്വന്റി ട്വന്റി-4 എന്നിങ്ങനെയാണ് സീറ്റ്‌നില. എല്‍.ഡി.എഫ് ഭരിക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയ്ക്ക് യു.ഡി.എഫ് പിന്തുണ നല്‍കിയത്.

വികസന സ്റ്റാന്‍ഡിംഗ് കൗണ്‍സിലിലേക്ക് എല്‍.ഡി.എഫിന്റെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. സംവരണമനുസരിച്ച് വനിതാ അംഗമായ ഷിജ പുളിക്കല്‍ എതിരില്ലാതെ ജയിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UDF and BJP alliance in Idukki standing committee

We use cookies to give you the best possible experience. Learn more