| Thursday, 7th November 2024, 10:02 am

ബാക്ക്ഗ്രൗണ്ട് സ്കോർ കേട്ടപ്പോൾ തന്നെ ആ നിവിൻ ചിത്രം നൂറ് ദിവസം ഓടുമെന്ന് ഞാൻ ഉറപ്പിച്ചു: ജൂഡ് ആന്തണി ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂഡ് ആന്തണി ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓം ശാന്തി ഓശാന. നസ്രിയ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിൽ നായകനായെത്തിയത് നിവിൻ പോളിയായിരുന്നു. അൽഫോൺസ് പുത്രൻ ഒരുക്കിയ നേരം എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഓം ശാന്തി ഓശാന.

ഓം ശാന്തി ഓശാനയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ കേട്ടപ്പോഴാണ് സിനിമ സൂപ്പർഹിറ്റാവുമെന്ന് താൻ ഉറപ്പിച്ചതെന്നും അത് സെറ്റാവുന്നത് നല്ല ടെൻഷൻ ഉണ്ടായിരുന്നുവെന്നും ജൂഡ് പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓം ശാന്തി ഓശാനയുടെ കാര്യത്തിൽ എനിക്ക് ബാക്ക്ഗ്രൗണ്ട് സ്കോർ കഴിയുന്നതുവരെ പേടിയുണ്ടായിരുന്നു. ബാക്ക്ഗ്രൗണ്ട് സ്കോർ കേൾക്കുന്നതിന് മുൻപ് ഇത് ഒരാഴ്ച ഓടുമായിരിക്കും എന്നൊക്കെയായിരുന്നു മൂഡ്. ഷാനിക്ക അതിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്നു.

അത് പകുതി ആയപ്പോൾ ഞാൻ പറഞ്ഞു ഒന്നും പേടിക്കാനില്ല എന്ന്. ക്ലൈമാക്സ് ആയപ്പോഴേക്കും 100 ദിവസം ഓടുമെന്ന് ഞാൻ പറഞ്ഞു. അതിനുശേഷം തിയേറ്ററിൽ വന്ന ദിവസം തന്നെ എനിക്ക് ഉറപ്പായിരുന്നു ചിത്രം സൂപ്പർ ഹിറ്റ് ആവുമെന്ന്,’ജൂഡ് ആന്തണി പറയുന്നു.

കഴിഞ്ഞ വർഷം വലിയ വിജയമായി മാറിയ തന്റെ 2018 എന്ന സിനിമയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘2018 അനൗൺസ് ചെയ്തപ്പോൾ തൊട്ട് ഞാൻ കേൾക്കുന്നതാണ് ഈ സിനിമ ഇവനെ കൊണ്ടൊന്നും താങ്ങൂലായെന്ന്. പക്ഷെ എനിക്കത് ഇഷ്ടമായിരുന്നു. കാരണം എന്നെ തളർത്താൻ ഏറ്റവും എളുപ്പമുള്ള വഴി ഞാൻ ഭയങ്കര സംഭവമാണെന്ന് പറയുന്നതാണ്. അങ്ങനെ പറഞ്ഞാൽ ഞാൻ കിടന്ന് ഉറങ്ങും. പക്ഷെ നീ അതിനൊന്നും ആയിട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ ചാടിയെഴുന്നേറ്റ് പണിയെടുത്ത് തുടങ്ങും.

2018 പൊട്ടുമെന്നൊക്കെ താഴെ കമന്റ്‌ ഇടുമ്പോൾ ഞാനത് വായിച്ചിട്ട്, പിന്നെ നീ പൊട്ടിക്കാൻ വാ, വന്നിട്ട് ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞിരുന്നു. 2018ന് കാര്യമായ പോസ്റ്ററുകൾ ഒന്നുമില്ലായിരുന്നു. ഞാൻ മുൻപേജിൽ പരസ്യം ചോദിച്ചിട്ട് ബഡ്ജറ്റ് പ്രശ്നങ്ങൾ കാരണം അതും കിട്ടിയില്ല. പക്ഷെ 2018ന്റെ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾക്ക്‌ പ്രൊമോഷൻ വേണ്ടി വരില്ലായെന്ന് എനിക്ക് മനസിലായി,’ജൂഡ് ആന്തണി പറയുന്നു.

Content Highlight: Jude Anthony Joseph About Om shanthi Oshana Movie

We use cookies to give you the best possible experience. Learn more