മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലും കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ് തോറത്തും ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ന്യൂസ് 18യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, സേന-എന്‍.സി.പി-കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സംയുക്ത യോഗം മുംബൈയിലെ ട്രൈഡന്റ് ഹോട്ടലില്‍ തുടങ്ങി. ഉദ്ധവ് താക്കറെ, രശ്മി താക്കറെ, ശരത് പവാര്‍, ധനഞ്ജയ് മുണ്ടെ, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയര്‍ ഹോട്ടലില്‍ എത്തിയിട്ടുണ്ട്. അജിത് പവാറിനെ പ്രതീക്ഷിച്ചിരുന്നെങ്കിലും എത്തിയിട്ടില്ല.
സേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തെ മഹാരാഷ്ട്ര വികാസ് അഘാടി എന്ന് വിളിക്കുമെന്ന് സംയുക്ത യോഗത്തില്‍ മൂന്നു പാര്‍ട്ടികളും പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞിരുന്നു. സേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം അടുത്ത 25 വര്‍ഷം മഹാരാഷ്ട്രയില്‍ തുടരുമെന്നും നവാബ് മാലിക് പറഞ്ഞിരുന്നു.
സാമുദായിക രാഷ്ട്രീയം പ്രവര്‍ത്തിക്കാനുള്ള സംഘടനയല്ല ശിവസേനയെന്നും മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കാനാണ് സേന നിലനില്‍ക്കുന്നതെന്നും മാലിക് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുമായി കൂട്ടുകൂടിയ അന്ന് മുതല്‍ ശിവസേന നശിച്ചുവെന്നും മാലിക് പറഞ്ഞിരുന്നു.
അതേസമയം, പരസ്യ ബാലറ്റിലൂടെ മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കും. മാധ്യമങ്ങള്‍ വോട്ടെടുപ്പ് പരസ്യമായി തത്സമയം സംപ്രേഷണം ചെയ്യണമെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.
വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് രാജിവെക്കുകയും ചെയ്തിരുന്നു. ഫഡ്നാവിസിന്റെ രാജിക്ക് അല്‍പ്പം മുന്‍പ് എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.