ജനങ്ങളുടെ നികുതിപ്പണം പാഴാക്കില്ല; ആരെയിലെ മെട്രോ കാര്‍ ഷെഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്നും ഉദ്ധവ് താക്കറെ
national news
ജനങ്ങളുടെ നികുതിപ്പണം പാഴാക്കില്ല; ആരെയിലെ മെട്രോ കാര്‍ ഷെഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്നും ഉദ്ധവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th November 2019, 6:52 pm

മുംബൈ: മഹാരഷ്ട്രയിലെ ജനങ്ങളുടെ നികുതിപ്പണം പാഴാക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുംബൈ ആരെയിലെ മെട്രോ കാര്‍ ഷെഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്നും കാര്‍ ഷെഡിനായി ഒരു മരം പോലും വെട്ടില്ലെന്നും ഉദ്ധവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്യാബിനറ്റ്, ഉന്നത തല ഉദ്യോഗസ്ഥരുടെ മീറ്റിങ്ങിനു ശേഷമാണ് ഉദ്ധവ് വാര്‍ത്താസമ്മേളനം നടത്തിയത്.

‘നികുതിദായകന്റെ പണം സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് എനിക്ക് ബോധ്യമുള്ള കാര്യമാണ്. ആ പണം പാഴാക്കില്ല. സര്‍ക്കാരിന്റെ ചെലവുകള്‍ ഞങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ പോകുകയാണ്. എന്റെ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കും.’, ഉദ്ധവ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഈ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുംബൈയില്‍ മാത്രം ഒതുങ്ങുന്നതല്ല. മഹാരാഷ്ട്രയുടെ എല്ലാ കോണിലും എത്തും. ആരെയിലെ മെട്രോ കാര്‍ ഷെഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ നിര്‍ത്തിവെക്കുകയാണ്. എനിക്ക് മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നില്ല. പക്ഷേ, അവലോകനം ചെയ്ത ശേഷം പുനരാരംഭിക്കും.’, ഉദ്ധവ് പറഞ്ഞു.

മെട്രോ വികസനത്തിനു വേണ്ടി ആരെ വനത്തില്‍ നിന്നും ഇരുനൂറോളം മരങ്ങള്‍ മുറിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ഇടപെട്ട് മരം മുറിക്കാനുള്ള നടപടി തടയുകയാണുണ്ടായത്.

‘ഞങ്ങളുടെ മുന്നില്‍ ധാരാളം വെല്ലുവിളികളുണ്ട്. ഞാന്‍ മന്ത്രാലയത്തില്‍ രണ്ടോ മൂന്നോ തവണ മാത്രമേ പോയിട്ടുള്ളൂ, അവര്‍ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുമ്പോഴും ഞാന്‍ ഇപ്പോഴും എന്റെ ചുറ്റുമാണ് നോക്കുന്നത്. ദയവു ചെയ്ത് എന്നെ ക്രിയാത്മകമായി വിമര്‍ശിക്കൂ.’, ഉദ്ധവ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, നാളെ ഉച്ചക്ക് രണ്ടു മണിക്കാണ് മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുക. പ്രോ ടേം സ്പീക്കറായി എന്‍.സി.പി നേതാവ് ദിലീപ് വല്‍സെ പാട്ടീലിനെ തെരഞ്ഞെടുത്തിരുന്നു.