മുംബൈ: അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാനായി മഹാരാഷ്ട്രയില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ തീരുമാനം റദ്ദാക്കി ശിവസേനാ നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ.
ജനുവരി 22 ന് സുപ്രീം കോടതി നിലപാട് അറിഞ്ഞ ശേഷം മാത്രമേ സംസ്ഥാനത്ത് എന്‍.ആര്‍.സി നടപ്പില്‍ വരുത്തണോ എന്ന് ആലോചിക്കുള്ളൂവെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.
ശിവസേന ഭവനില്‍ പാര്‍ട്ടി നേതാക്കളോട് സംസാരിക്കവേയായിരുന്നു തന്റെ സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്ത് ഒരു തടങ്കല്‍ കേന്ദ്രവും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് താക്കറെ വ്യക്തമാക്കിയത്.
നവി മുംബൈ നെരുലില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായി ആദ്യത്തെ തടങ്കല്‍ കേന്ദ്രം നിര്‍മിക്കാനുള്ള ഫഡ്‌നാവിസിന്റെ തീരുമാനം റദ്ദാക്കുകയാണെന്നും താക്കറെ അറിയിച്ചു.
നിലവില്‍ കേരളം, പഞ്ചാബ്, പശ്ചിമബംഗാള്‍, ഒറീസ,രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. ജനുവരി 22 ന് ശേഷം തങ്ങളും നിലപാട് വ്യക്തമാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാരും അറിയിച്ചു കഴിഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനും (സി.എ.എ) ദേശീയ പൗരന്മാരുടെ രജിസ്റ്ററിനും (എന്‍.ആര്‍.സി) ക്കും എതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് ഉദ്ദവ് താക്കറെയുടെ തീരുമാനം.
അസമില്‍ ദേശീയപൗരത്വ പട്ടിക നടപ്പിലാക്കിയതോടെ 19 ലക്ഷം പേരുടെ പൗരത്വമാണ് നഷ്ടമായത്. എന്‍.ആര്‍.സി നടപ്പിലാക്കിയ ഏക സംസ്ഥാനവും അസം ആണ്.
അസമില്‍ നിരവധി തടങ്കല്‍ കേന്ദ്രങ്ങള്‍ പണിപൂര്‍ത്തിയാക്കി വെച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ മുംബൈയിലും നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ഫഡ്‌നാവിസ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അസം പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ട്രൈബ്യൂണലിന് മുമ്പാകെ അപ്പീല്‍ നല്‍കാന്‍ 90 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. അപ്പീലുകള്‍ പരാജയപ്പെട്ടാല്‍, അവരെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
തടങ്കല്‍ കേന്ദ്രം ആരംഭിക്കാന്‍ ഫഡ്നാവിസ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്ന നെരുള്‍ സൈറ്റ് നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്. നേരത്തെ ഇത് മുംബൈയിലെ വുമണ്‍ പൊലീസ് വെല്‍ഫെയര്‍ സെന്ററായിരുന്നു.
നവി മുംബൈയില്‍ തടങ്കല്‍ കേന്ദ്രം ആരംഭിക്കാനായി മൂന്ന് ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം ആസൂത്രണ അതോറിറ്റിയായ സിഡ്‌കോയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തടങ്കല്‍ കേന്ദ്രം ജയിലിനെപ്പോലെയല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ‘2019 മോഡല്‍ ഡിറ്റന്‍ഷന്‍ മാനുവല്‍’ അടിസ്ഥാനമാക്കി തടങ്കല്‍ കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നുമായിരുന്നു ബി.ജെ.പി സര്‍ക്കാരുകള്‍ മുന്‍പ് പറഞ്ഞത്.
മാനുവല്‍ അനുസരിച്ച്, ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് ഉള്ള ഓരോ നഗരത്തിനുംഒരു തടങ്കല്‍ കേന്ദ്രം ഉണ്ടായിരിക്കണമെന്നും ബി.ജെ.പി നിര്‍ദേശിച്ചിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അമിത് ഷാ, രാജ്യത്തുടനീളം എന്‍.ആര്‍.സി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഇക്കാര്യം പറഞ്ഞിരുന്നു.