| Thursday, 8th December 2022, 8:47 pm

മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്തിലേക്ക് കൊണ്ടുപോയ പദ്ധതികളും ഈ വിജയത്തിന് കാരണമായി; മോദിക്ക് അഭിനന്ദനങ്ങള്‍: ഉദ്ദവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്നതെന്നും അതുകൊണ്ടാണ് വന്‍തോതില്‍ വോട്ട് ചെയ്തതെന്നും താക്കറെ പ്രസ്താവനയില്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്തിലേക്ക് കൊണ്ടുപോയ പദ്ധതികളും ഈ വിജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ വിജയം ചരിത്രപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഗുജറാത്തിലെ റെക്കോര്‍ഡ് തകര്‍ത്ത ചരിത്രപരമായ വിജയത്തില്‍ ബി.ജെ.പിയെയും പ്രധാനമന്ത്രി മോദിയെയും ഞാന്‍ അഭിനന്ദിക്കുന്നു. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ വോട്ടുകള്‍ വിഭജിക്കുകയും അത് ബി.ജെ.പിക്ക് ഗുണം ചെയ്യുകയും ചെയ്തു,’ ഉദ്ധവ് താക്കറെ പറഞ്ഞു.

ഈ ഡിസംബര്‍ 11ന് നരേന്ദ്ര മോദി മഹാരാഷ്ട്ര സന്ദര്‍ശിക്കുന്നുണ്ടെന്നും മുംബൈ നഗരസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും ശിവസേനാ മേധാവി പറഞ്ഞു.

അതേസമയം, ഗുജറാത്തില്‍ ബി.ജെ.പി ചരിത്ര വിജയം നേടി. 182 മണ്ഡലങ്ങളുള്ള നിയമസഭയില്‍ 156 സ്ഥലത്ത് ബി.ജെ.പി ലീഡുയര്‍ത്തുമ്പോള്‍ കഴിഞ്ഞ തവണ 78 സീറ്റുള്ള കോണ്‍ഗ്രസ് ഇത്തവണ 17ല്‍ ഒതുങ്ങി.

ഏഴാം തവണയാണ് ബി.ജെ.പി ഗുജറാത്തില്‍ വിജയിക്കുന്നത്. എന്നാല്‍ ഹിമാചലില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിനായി. 40 സ്ഥലത്ത് കോണ്‍ഗ്രസിന് ലീഡ് ഉണ്ടായപ്പോള്‍ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പി 24 സീറ്റില്‍ ഒതുങ്ങി.

Content Highlight: Uddhav Thackeray says Projects taken from Maharashtra to Gujarat also contributed to this success

We use cookies to give you the best possible experience. Learn more