ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയെ രാഷ്ട്രീയവത്കരിക്കരുതെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അയോധ്യയില്‍ സന്ദര്‍ശനം നടത്താന്‍ തനിക്ക് ആരുടേയും അനുമതി ആവശ്യമില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചിട്ടില്ലെന്നും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ തലവന്‍ രാജ് താക്കറെയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
രാമക്ഷേത്രത്തില്‍ ഉദ്ധവിന്റെ വലിയ സംഭാവന ഉണ്ടായിരുന്നുവെന്നും താക്കറെയെ ക്ഷണിക്കാത്ത മാനേജ്മെന്റിന്റെ നീക്കത്തെ ശിവസേന വിമര്‍ശിച്ചു. രാമനെ ബി.ജെ.പി തട്ടിക്കൊണ്ടുപോയെന്നും ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയമാക്കുന്നുവെന്നും ഉദ്ധവ് വിഭാഗത്തിന്റെ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
അതേസമയം ബാബരി മസ്ജിദ് കേസിലെ ഹരജിക്കാരനായ ഇഖ്ബാല്‍ അന്‍സാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൂവിട്ട് സ്വീകരിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. അയോധ്യയില്‍ വരുന്നവരെയെല്ലാം സ്വീകരിക്കുമെന്ന് അന്‍സാരി മാധ്യമങ്ങളോട് പ്രതികരിച്ചു. രാമക്ഷേത്ര പ്രതിഷ്ഠ ദിനം രാജ്യത്തെ എല്ലാ കുടുംബങ്ങളും ആഘോഷിക്കണമെന്നും അയോധ്യ ചടങ്ങ് വികസിത രാജ്യത്തിലേക്കുള്ള മുന്നേറ്റമാണെന്നുമാണ് മോദി പറഞ്ഞത്.
എന്നാല്‍ ക്ഷേത്രത്തിന്റെ ഉദ്ഘടന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി രംഗത്തെത്തി. വിഷയത്തില്‍ ഹൈക്കമാന്റ് തീരുമാനം അറിയിക്കുമെന്ന് ദീപ ദാസ് അറിയിച്ചു. സംഘടനാപരമായ തിരക്കുകള്‍ കാരണമാണ് തീരുമാനം വൈകുന്നതെന്നും ദീപ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക നിലപാടുകള്‍ വ്യക്തമാക്കിയിട്ടില്ല. അയോധ്യ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസിനോട് ഇന്ത്യാ സഖ്യത്തിലെ ഏതാനും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
മതം വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമല്ലെന്നും പാര്‍ട്ടി വിശ്വസിക്കുന്നതിനാല്‍ ക്ഷണം നിരസിക്കുന്നുവെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു.
Content Highlight: Uddhav Thackeray said that the Ram temple should not be politicized