|

'സി.എ.എയും എന്‍.പി.ആറും മനസിലാക്കാന്‍ പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് അറിയണം'; ഉദ്ധവ് താക്കറെയോട് മനീഷ് തിവാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഉദ്ധവ് താക്കറെക്ക് നിര്‍ദേശവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരത്വം തീരുമാനിക്കുന്നതെന്നും ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ അടിസ്ഥാനത്തിലാണ് ദേശീയ പൗരത്വപട്ടികയെന്നും മനസിലാക്കാന്‍ ഉദ്ധവ് താക്കറെ പാരത്വഭേദഗതി നിയമം 2003 നെ കുറിച്ച് അറിഞ്ഞിരിക്കണമെന്നാണ് മനീഷി തിവാരി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മനീഷ് തിവാരിയുടെ പ്രതികരണം.

‘എങ്ങനെയാണ് ദേശിയ ജനസംഖ്യാ രജിസ്റ്റര്‍ ദേശീയ പൗരത്വപട്ടികയുമായി ബന്ധപ്പെട്ടുകിടക്കുന്നതെന്ന് മനസ്സിലാക്കണമെങ്കില്‍ 2003 ലെ പൗരത്വഭേദഗതി നിയമത്തെകുറിച്ച് അറിയണം. നിങ്ങള്‍ ദേശിയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പിലാക്കിയാല്‍ നിങ്ങള്‍ ദേശിയ പൗരത്വപട്ടികയെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. മതം പൗരത്വത്തിന്റെ അടിസ്ഥാനമാകാന്‍ പാടില്ലെന്ന് സ്ഥാപിക്കുന്ന ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കണം.’ മനീഷ് തിവാരി പറഞ്ഞു.

ഉദ്ധവ് താക്കറെ- നരേന്ദ്രമോദി കൂടികാഴ്ച്ചക്ക് പിന്നാലെയാണ് മനീഷ് തിവാരിയുടെ പ്രതികരണം. നേരത്തെ മഹാരാഷ്ട്രയില്‍ ദേശിയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. എന്‍.പി.ആറിലെ കോളങ്ങളെല്ലാം പരിശോധിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്രയില്‍ എന്‍.പി.ആര്‍ നടപ്പിലാക്കുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്നുമാണ് ഉദ്ധവ് താക്കറെ പറഞ്ഞത്.