| Friday, 29th November 2019, 5:06 pm

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ ഉച്ചക്ക് രണ്ടു മണിക്ക്; ദിലീപ് വല്‍സെ പാട്ടീല്‍ പ്രോ ടേം സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്. നാളെ ഉച്ചക്ക് രണ്ടു മണിക്കാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം, പ്രോ ടേം സ്പീക്കറായി എന്‍.സി.പി നേതാവ് ദിലീപ് വല്‍സെ പാട്ടീലിനെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അധ്യക്ഷനായ മന്ത്രിസഭാ യോഗം നടന്നുകൊണ്ടിരിക്കുകയാണ്. യോഗത്തിനു ശേഷം ഉദ്ധവ് മാധ്യമങ്ങളെ കാണും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തെ ചോദ്യം ചെയ്തുകൊണ്ട് അഖില ഭാരത് ഹിന്ദു മഹാസഭ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. സഖ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രമോദ് ജോഷി ഹരജി സമര്‍പ്പിച്ചത്.

ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ഭരണഘടനാപരമായ ധാര്‍മ്മികത രാഷ്ട്രീയ ധാര്‍മ്മികതയില്‍ നിന്ന് വ്യത്യസ്തമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

”ജനാധിപത്യത്തില്‍, മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശത്തില്‍ കൈകടത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല”- എന്നായിരുന്നു ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.

വോട്ടെടുപ്പിന് ശേഷം സഖ്യമുണ്ടാക്കുന്ന കാര്യങ്ങളില്‍ കോടതി ഇടപെടുമെന്ന് പ്രതീക്ഷിക്കരുതെന്നും അത് കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, മഹാരാഷ്ട്രയില്‍ ബി.ജെ.പി വീണ്ടും കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more