ഉദ്ധവ് താക്കറെ ഔറംഗസേബ് ഫാന്‍സ് ക്ലബ്ബിന്റെ നേതാവ്, അജ്മല്‍ കസബിനെ ബിരിയാണി തീറ്റിച്ചവര്‍ക്കൊപ്പമാണ് താക്കറെ: അമിത് ഷാ
national news
ഉദ്ധവ് താക്കറെ ഔറംഗസേബ് ഫാന്‍സ് ക്ലബ്ബിന്റെ നേതാവ്, അജ്മല്‍ കസബിനെ ബിരിയാണി തീറ്റിച്ചവര്‍ക്കൊപ്പമാണ് താക്കറെ: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st July 2024, 8:38 pm

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ഔറംഗസേബ് ഫാന്‍സ് ക്ലബ്ബിന്റെ നേതാവ് എന്ന് വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൂനെയില്‍ നടന്ന ബി.ജെ.പിയുടെ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം.

‘ഈ ഔറംഗസേബ് ഫാന്‍സ് ക്ലബ്ബിന് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ല. ആരാണ് ഈ ഔറംഗസേബ് ഫാന്‍ ക്ലബ്? അത് മഹാ വികാസ് അഘാഡി ആണ്. ഉദ്ധവ് താക്കറെയാണ് ഔറംഗസേബ് ഫാന്‍ ക്ലബ്ബിന്റെ നേതാവ്. ബാലാസാഹെബിന്റെ അനന്തരാവകാശിയായ ഉദ്ധവ് താക്കറെ, കസബിന് ബിരിയാണി തീറ്റിച്ചവര്‍ക്കൊപ്പമാണ് നിങ്ങള്‍ ഇരിക്കുന്നത്,’ അമിത് ഷാ പറഞ്ഞു. ”

ഉദ്ധവ് താക്കറെ പി.എഫ്.ഐയെ പിന്തുണയ്ക്കുന്നവരുടെ മടിയില്‍ ഇരിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. യാക്കൂബ് മേമനെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചവരുടെ കൂടെയാണ് നിങ്ങള്‍ ഇരിക്കുന്നത്. ഉദ്ധവ് ജി, സാക്കിര്‍ നായിക്കിനെ ‘സമാധാനത്തിന്റെ ദൂതന്‍’ എന്ന് വിളിച്ചവരുടെ മടിയിലാണ് നിങ്ങള്‍ ഇരിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഔറംഗസേബ് ഫാന്‍സ് ക്ലബില്‍ നിന്നും രാജ്യത്തെ സുരക്ഷിതമാക്കാന്‍ ബി.ജെ.പിക്ക് മാത്രമേ സാധിക്കുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായല്ല ശിവസേന (യു.ബി.ടി) തലവനായ ഉദ്ധവ് താക്കറയ്‌ക്കെതിരെ അമിത് ഷാ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍, അധികാരത്തിനുവേണ്ടി താക്കറെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചെന്നും അമിത് ഷാ പ്രസംഗിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ തീവ്രവാദി അജ്മല്‍ കസബിനെ പിന്തുണക്കുന്നവരാണ്. ഇതേ നിലപാടാണോ ഉദ്ധവ് താക്കറെക്കെന്നും അമിത് ഷാ തെരഞ്ഞെടുപ്പ് വേളയില്‍ ചോദിച്ചിരുന്നു.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 2019ല്‍ 23 സീറ്റുകളില്‍ നേടിയ ബി.ജെ.പിക്ക് ഇത്തവണ മഹാരാഷ്ട്രയില്‍ ഒന്‍പത് സീറ്റിലേക്ക് ചുരുങ്ങേണ്ടി വന്നു.

എന്‍.സി.പി നേതാവ് ശരദ് പവാറിനെതിരെയും അമിത് ഷാ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ശരദ് പവാര്‍ അഴിമതിയുടെ രാജാവാണെന്നാണ് അമിത് ഷാ പ്രസംഗിച്ചത്. രാജ്യത്ത് അഴിമതിയെ സ്ഥാപനവല്‍ക്കരിച്ചത് പവാര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: ‘Uddhav Thackeray is leader of Aurangzeb Fan Club’: Amit Shah in Maharashtra